സാമൂഹ്യ തിന്മകളെ പ്രതിരോധിക്കാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യം: അബ്ദുറസാഖ്‌ ബുസ്താനി

ജിദ്ദ: മത നിരാസത്തിലേക്കും സാമൂഹിക തിന്മകളിലേക്കും വഴി തുറക്കുന്ന അഭിശപ്ത ചിന്തകള്‍ക്കെതിരെയും നിയന്ത്രണങ്ങളില്ലാത്ത നവലോക ക്രമങ്ങള്‍ക്കെതിരെയും ബോധവത്കരണം നടത്തുന്നതിനും വിശ്വാസി സമൂഹത്തിനു ദിശാബോധം നല്‍കുന്നതിനും പ്രാപ്തരായ പണ്ഡിത സമൂഹം വളര്‍ന്നു വരേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് പ്രമുഖ പ്രഭാഷകനും സമസ്ത നേതാവുമായ അബ്ദു റസാഖ് ബുസ്താനി പറഞ്ഞു. മത – ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ഹിദായ സ്നേഹ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ പ്രസിഡണ്ട്‌ സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സൽമാൻ അൻവരി അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ കെ. പി  ഇബ്‌റാഹീം ഫൈസി സ്ഥാപന പരിചയം നടത്തി. വീര്യമ്പ്രം മഹല്ല് ജമാഅത്തിനു കീഴില്‍ മത – ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനം ഏര്‍പ്പെടുത്തി പട്ടിക്കാട് ജാമിഅ നൂരിയയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ദാറുല്‍ ഹിദായ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എസ്. ഐ. സി മക്ക പ്രൊവിന്‍സ്‌ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സയ്യിദ് അന്‍വര്‍ തങ്ങള്‍, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സംഗമത്തിൽ വെച്ച് ദാറുൽ ഹിദായ ജിദ്ദ ചാപ്റ്റർ ഭാരവാഹികളെ അബ്ദു റസാഖ്‌ ബുസ്താനി പ്രഖ്യാപിച്ചു. പരിപാടിയിൽ കെ. പി മുഹമ്മദ്‌ ബഷീര്‍ സ്വാഗതവും മുഹമ്മദ്‌ റാഫി ആറങ്ങാട്ട് നന്ദിയും പറഞ്ഞു.