ജിദ്ദ: പ്രവാസികളെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാറിന്റെ ബജറ്റ് തീർത്തും പ്രതിഷേധാർഹമാണെന്നും കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് സംസ്ഥാന ബജറ്റിൽ അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം അഭിപ്രായപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികളെ പുണരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസി പെൻഷൻ തുക വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെബ്രുവരി രണ്ടാം വാരത്തിൽ മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രിവിലേജ് കാർഡുകളുടെ വിതരണ ഉദ്ഘാടനം നടത്താൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം മാറാക്കര ഗ്ലോബൽ കെഎംസിസി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യാനും പഞ്ചായത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കരസ്തമാക്കിയവരെ അനുമോദിക്കാനും യോഗം തീരുമാനിച്ചു.
മാറാക്കര പഞ്ചായത്തിൽ പുതിയ മദ്യ ഷോപ്പ് ആരംഭിക്കാനുള്ള നീക്കത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തുകയും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. സംസ്ഥാന എക്സൈസ് മന്ത്രിക്ക് ഇക്കാര്യത്തിൽ പരാതി നൽകാനും യോഗം തീരുമാനിച്ചു.
സൂം ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് പി. വി ശരീഫ് കരേക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ യോഗം ഉദ്ഘാടനം ചെയ്തു. അഷ്‌റഫലി പുതുക്കൂടി ( അബൂദാബി), പി. എം ഹുസൈൻ (കുവൈറ്റ് ), മുസ്തഫ (ലണ്ടൻ ), അലി ബാവ ( യു എ ഇ ), ഫൈസൽ (ഖത്തർ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ബഷീർ നെയ്യത്തൂർ നന്ദിയും പറഞ്ഞു.