ഭാരത് ജോഡോ സമാപനം: ഒ ഐ സി സി ജിദ്ദയിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

ജിദ്ദ: ‘ഭാരത്‌ ജോഡോ’ യാത്രയുടെ സമാപനത്തോടും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടുമനുബന്ധിച്ച് “ഗാന്ധിയുടെ ഇന്ത്യക്കായി ഭാരത് ജോഡോ യാത്ര” എന്ന വിഷയത്തില്‍ ഒ ഐ സി സി സഊദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടേബിൾ ടോക്ക് പരിപാടി സംഘടിപ്പിച്ചു. വര്‍ഗീയ ശക്തികളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കുവാൻ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സും നയിക്കുന്ന മതേതര മുന്നണിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗാന്ധിയെ വെടിവെച്ച് കൊന്നതിന്റെ 75ആം വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധിയുടെ വർഗീയ വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ശക്തി പകരുന്നുവെന്നതു പ്രതീക്ഷജനകമാണെന്നും അവർ പറഞ്ഞു.

ചെറിയ തെറ്റുകളുടെ പേരിൽ പോലും മതേതര ചേരിയിലെ പല സംഘടനകളും കോൺഗ്രസിന് വധശിക്ഷ വിധിച്ച പൂർവ്വ കാല സമീപനമാണ് സംഘ പരിവാർ രാഷ്ട്രീയത്തിന്റെ മൂർത്തി ഭാവത്തിനു കാരണമായതെന്നും ആ തിരിച്ചറിവിനു ഭാരത് ജോഡോ യാത്ര കാരണമായെന്നു കരുതുന്നുവെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ മുനീർ പറഞ്ഞു. ജനാധപത്യത്തിന്റെ എല്ലാ കാവൽ സംവിധാനങ്ങളിലും കാതലായ വിള്ളലുകൾ ഉണ്ടായ കാലത്ത് വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കുവാൻ തെരുവകളിൽ നടന്നു ബോധവത്കരണം മാത്രമാണ് വഴിയെന്നും അതിനു രാഹുൽ ഗാന്ധി നടത്തിയ പ്രയത്നം ചരിത്രത്തിന്റെ ഭാഗമാകുമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് സഹ്യ പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും മുൻ റീജണൽ കമ്മിറ്റി പ്രസിഡണ്ടുമായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് പറഞ്ഞു. രാഷ്ട്രീയം പ്രത്യാശയുടെ പ്രയോഗവും പ്രതിനിധാനവുമാന്നെന്നിരിക്കെ പ്രത്യാശയുടെ പുതിയ കിരണങ്ങൾ ഭാരത് ജോഡോ യാത്ര നൽകുന്നു വെന്നു വിഷയമവതരിപ്പിച്ചു കൊണ്ട് റീജണൽ കമ്മിറ്റി ട്രഷറർ ശ്രീജിത്ത് കണ്ണുർ പറഞ്ഞു.

കോൺഗ്രസ് ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണെന്നും ആ തിരിച്ചറിവും ഊർജ്ജവും പകരുവാൻ ഭാരത് ജോഡോ യാത്രയക്കായെന്നും കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിബ്ര പറഞ്ഞു. ത്രിപുരയിൽ സഖ്യത്തിലായിട്ടും ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുവാൻ വിമുഖത കാണിക്കുന്ന രാഷ്ട്രീയം അപകടമാണെന്ന് ന്യൂ ഏജീസ് ഇന്ത്യ ഫോറം രക്ഷാധികാരി പി. പി. റഹീം അഭിപ്രായപ്പെട്ടു. വർഗീയതയാൽ കലുഷിതമായ വർത്തമാന ഭാരതത്തിൽ വളരെ പോസിറ്റീവും അനുയോജ്യവുമായ രാഷ്ട്രീയ നീക്കമായിരുന്നു ഭാരത് ജോഡോ യാത്ര എന്നും ലോകം കഴിഞ്ഞ കാലങ്ങളിൽ വിവിധ ഇടങ്ങളിലായി വസന്തളേറെ കണ്ടിട്ടുണ്ടെന്നും ഒരു വേള ഭാരത് ജോഡോ യാത്ര പുതിയ ഇന്ത്യൻ വസന്തത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മലയാളം ന്യൂസ് എഡിറ്റർ എ. എം. സജിത്ത് അഭിപ്രായപ്പെട്ടു.

വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളായ പ്രിൻസാദ് കോഴിക്കോട് (ഇസ്ലാഹി സെന്റർ), പി. വി അഷറഫ് (എം ഇ എസ്), സി. എച്ച് ബഷീർ ( കെ ഐ ജി), ഷാനവാസ് വണ്ടൂർ ( ഡബ്ല്യൂ. എം. എഫ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം ), ഇബ്രാഹിം ഇബ്‌റാഹീം അൽ ഹികമി ( വിസ്‌ഡം ഇസ്‌ലാമിക് ), മുഹമ്മദ് കല്ലിങ്ങൽ (എസ് ഐ സി ) സൈനുൽ ആബിദീൻ തങ്ങൾ (ഐ സി എഫ്), അബ്ദുൽ സത്താർ കണ്ണൂർ, അലി തേക്കുതോട്, ഹകീം പാറക്കൽ എന്നിവരും സംസാരിച്ചു.

ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ സ്വാഗതവും നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണനാക് നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.