ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ: അൽ നസർ പരിശീലകൻ റൂഡി ഗാർസിയ; ക്രിസ്റ്റ്യാനോ വീണ്ടും യൂറോപ്പിലേക്ക് തിരിച്ചുവരും

0
1482

റിയാദ്: റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എത്തിയത് ഫുട്ബോൾ ആരാധകരെ മുഴുവൻ ആശ്ചര്യപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഇനിയും നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്ന് പല തവണ വെളിപ്പെടുത്തിയ റൊണാൾഡോയാണ് സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറുകയും ചെയ്‌തു.

യൂറോപ്പിൽ താൻ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നും ഇനി സൗദി ക്ലബിനൊപ്പം പുതിയ റെക്കോർഡുകൾ തിരുത്തണമെന്നുമാണ് റൊണാൾഡോ ട്രാൻസ്‌ഫറിനു ശേഷം പറഞ്ഞത്. ഇതോടെ റൊണാൾഡോ ഇനി യൂറോപ്പിലേക്ക് തിരിച്ചു വരില്ലെന്ന് ആരാധകർ ഉറപ്പിച്ചു. സൗദി ക്ലബായ അൽ നസ്റിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

എന്നാൽ റൊണാൾഡോ സൗദിയിൽ തന്റെ കരിയർ അവസാനിപ്പിക്കില്ലെന്നാണ് അൽ നസ്ർ പരിശീലകൻ റൂഡി ഗാർസിയ കഴിഞ്ഞ ദിവസം പറഞ്ഞത്. റൊണാൾഡോ എത്തിയത് ടീമിനു പോസിറ്റിവായ മാറ്റം ഉണ്ടാക്കിയെന്നു പറഞ്ഞ ഗാർസിയ അതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോയെന്നും താരം സൗദിയിലല്ല, യൂറോപ്പിൽ തന്നെ കളിച്ച് കരിയർ അവസാനിപ്പിക്കുമെന്നും പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക് തിരിച്ചു വരാൻ തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായ താരത്തിനു ഇനിയും ടോപ് ലെവൽ ഫുട്ബോളിൽ ഏതാനും വർഷങ്ങൾ കൂടി തുടരാൻ കഴിയും. അൽ നസ്ർ ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തിയാൽ അടുത്ത സീസണിൽ തന്നെ റൊണാൾഡോ യൂറോപ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെന്ന് ആഗ്രഹമുള്ള റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനു ശേഷം ഒരു ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ക്ളബുകളൊന്നും താരത്തെ സ്വീകരിക്കാൻ തയ്യാറായില്ല. നിലവിൽ അൽ നസ്‌റിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ സീസണിൽ ഫോം തെളിയിച്ചാൽ റൊണാൾഡോ യൂറോപ്പിൽ നിന്നും വിളി വരാനുള്ള സാധ്യതയുണ്ട്.