ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 2023 ജനുവരി 10 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടത്തിയ വിജ്ഞാന പ്രദമായ ക്വിസ് മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ വി. കെ ശരീഫ് കരേക്കാട് ഒന്നാം സ്ഥാനവും ഒ. കെ അഫ്സൽ രണ്ടാം സ്ഥാനവും ടി. കെ ഷാബിഖ് മൂന്നാം സ്ഥാനവും ലഭിച്ചു. ക്വിസ് മത്സരത്തിന് ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ പരിപാടിയിൽ വെച്ച് ക്വിസ് മത്സര വിജയികളെ മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. വിജയികളെ അഭിനന്ദിച്ച തങ്ങൾ വിജ്ഞാന പ്രദമായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ച മാറാക്കര ഗ്ലോബൽ കെഎംസിസിയെ പ്രത്യേകം അഭിനന്ദിച്ചു. മുസ്‌ലിം ലീഗ് പാർട്ടി എഴുപതഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വദേശത്തും വിദേശത്തുമുള്ള പ്രവർത്തകർ താഴെ തട്ടിലുള്ളവർക്ക് പാർട്ടി ചെയ്യുന്ന നന്മകൾ എത്തിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതം പറഞ്ഞു.