റിയാദ്: ‘കോർ ദറഇയ ഇ-പ്രിക്സ് 2023’ കാറോട്ട ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ജർമൻ താരം പാസ്കൽ വെറിലിൻ. റിയാദ് ദറഇയയിൽ നടന്നു വന്ന മത്സരത്തിൽ 11 ടീമുകളിലായി 22 ഡ്രൈവർമാരാണ് ഇലക്ട്രിക് കാറുകളോടിച്ച് വേഗതയിൽ പങ്കെടുത്തത്.
21 വളവുകളായി 2495 കിലോമീറ്റർ ദൂരത്തിലായിരുന്നു മത്സരം. എ.ബി.ബി. എഫ്.െഎ.എ ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒമ്പതാം സീസണിന്‍റെ ഭാഗമായി അഞ്ചാം തവണയാണ് സൗദിയിൽ ഫോർമുല ഇ മത്സരം നടന്നത്.

പാസ്കൽ വെറിലിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറോട്ട മത്സരമായിരുന്നു ഇത്. എതിരാളി ബ്രിട്ടീഷ് താരം ജാക് ഡെന്നീസിനെ 1.252 സെക്കൻഡിൽ മറികടന്ന് വെറിലിൻ ഫിനിഷ് ചെയ്യുകയായിരുന്നു. വെറിലിൻ 68 പോയൻറും ഡെന്നിസ് 61 പോയൻറും മൂന്നാം സ്ഥാനത്തെത്തിയ സെബാസ്റ്റ്യൻ ബൗമി 31 പോയൻറും നേടി.
മത്സരം കാണാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എത്തിയിരുന്നു. ട്രാക്കിലെത്തിയ കിരീടാവകാശിയെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സൗദി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ആൻഡ് മോട്ടോർസൈക്കിൾസ് പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ എന്നിവർ ചേർന്നു സ്വീകരിച്ചു.

ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി, സ്‌പെയിനിലെ മുൻ രാജാവ് ജുവാൻ കാർലോസ് ഒന്നാമൻ, കിരീടാവകാശിയും ബഹ്‌റൈൻ പ്രധാനമന്ത്രിയുമായ അമീർ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ജോർദാൻ കിരീടാവകാശി അൽഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രി ദിയസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽസഊദ്, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽസബാഹ്, സൗദിയിലെ മറ്റ് മന്ത്രിമാർ, ഗവർണർമാർ എന്നിവരും മത്സരം കാണാനും സമാപന ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നു.




