റിയാദ്: റിയാദിലുണ്ടായ തീപിടുത്തത്തിൽ അഞ്ചംഗ കുടുംബം ദാരുണമായി മരണപ്പെട്ടു. അൽ ഫൈസലിയ ജില്ലയിലാണ് അപ്പാർട്ട്മെന്റിന് തീപിടിച്ച് കുടുംബം ഒന്നടങ്കം ദാരുണമായി മരണപ്പെട്ടത്. മാതാപിതാക്കളും മൂന്ന് കുട്ടികളും മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. സിവിൽ ഡിഫൻസ് അനുസരിച്ച്, അഗ്നിശമന സേന തീ അണക്കുകയും റെഡ് ക്രസന്റ് അതോറിറ്റി പാരാമെഡിക്കുകൾ അപകടത്തിൽപ്പെട്ട അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വൻതോതിൽ പുക ശ്വസിച്ച് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് അഞ്ചുപേരും മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
അപ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നതായി ഒരു പൗരനാണ് സിവിൽ ഡിഫൻസ് ഓപ്പറേഷൻ റൂമിലേക്ക് അറിയിപ്പ് നൽകിയത്. ഉടൻ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷപ്രവർത്തനം നടത്തി.
അപ്പാർട്ട്മെന്റിലെ എയർ കണ്ടീഷണറുകളിലൊന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തിയത്. തീപിടിത്തം ഉണ്ടാകുമ്പോൾ മരിച്ചവർ ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപ്പാർട്ട്മെന്റിലെ തടികൊണ്ടുള്ള ഫർണിച്ചറുകൾ കാരണം തീ പെട്ടെന്ന് മറ്റ് മുറികളിലേക്കും പടരുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
തീപിടിച്ച അപ്പാർട്ട്മെന്റിൽ നിന്ന് അഞ്ചുപേരെ പുറത്തെത്തിക്കാൻ രക്ഷാസംഘത്തിന് കഴിഞ്ഞെങ്കിലും കനത്ത പുക ശ്വസിച്ചതിനാൽ സമയം വൈകിയതായി റിപ്പോർട്ടിൽ പറയുന്നു.
ബന്ധപ്പെട്ട അധികാരികൾ അന്വേഷണം പൂർത്തിയാക്കുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.




