ജിദ്ദ: ജിദ്ദ മക്ക റൂട്ടിൽ ഉംറ തീർഥാടകർക്കായി പ്രഖ്യാപിച്ച സൗജന്യ ബസ് സർവീസിന്റെ ട്രയൽ റൺ ആരംഭിച്ചു. മക്കയിലേക്കുള്ള ബസ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് പുറപ്പെടുന്നു.
മക്കയിലെ കിദ്ദിയ വഴി ഹറം പള്ളിക്ക് സമീപമുള്ള കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റിലേക്കാണ് ബസ് സർവീസ്. ജിദ്ദയിൽ നിന്ന് രണ്ട് മണിക്കൂർ ഇടവിട്ട് രാവിലെ 10 മുതൽ രാത്രി 10 വരെ സർവീസ് ഉണ്ടാകും. മക്കയിൽ നിന്ന് ജിദ്ദയിലേക്കുള്ള ബസ് സർവീസ് ഉച്ചയ്ക്ക് 12 മുതൽ അർദ്ധരാത്രി 12 വരെയും രണ്ട് മണിക്കൂർ ഇടവിട്ടുമായിരിക്കും.
രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്ക് ഈ സേവനം ഉപയോഗിക്കാം. നുസ്ക് ആപ്പ് അല്ലെങ്കിൽ തവകൽന ആപ്പ് വഴി ഉംറ പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ബസിൽ പ്രവേശിക്കാൻ അനുവദിക്കൂ. യാത്രക്കാർ ഇഹ്‌റാം വസ്ത്രത്തിലായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. രാജ്യത്തിനകത്ത് നിന്ന് വരുന്നവർ തങ്ങളുടെ ദേശീയ തിരിച്ചറിയൽ രേഖ (ഇഖാമ) കാണിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ യാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ട് കാണിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.





