ലെവി ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം; ആനുകൂല്യം എല്ലാവർക്കും ലഭിക്കുമോ ? മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിക്കുന്നു

0
3399

റിയാദ്: ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള സഊദി മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിലുടമയുൾപ്പെടെ ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾകാക്കും ഈ അനുകൂല്യം ലഭിക്കുക. ഉടമ GOSI-യിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അതേ സ്ഥാപനത്തിൽ മുഴുവൻ സമയവും ജോലി ചെയ്യുന്നവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്ഥാപനത്തിന്റെ ഉടമ ഗോസിയിൽ രജിസ്റ്റർ ചെയ്യുകയും ഒരേ സ്ഥാപനത്തിൽ മുഴുവൻ സമയവും ജോലി ചെയ്യുകയും ചെയ്താൽ, ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കും.

എന്നാൽ ഉടമയടക്കം രണ്ട് സ്വദേശികൾ ഒരേ സ്ഥാപനത്തിൽ നിയമപരമായി ജോലി ചെയ്യുന്നുണ്ടെങ്കിൽ നാല് വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

മൂന്ന് വർഷം മുമ്പ് അനുവദിച്ച ലെവി ഇളവ് കാലഹരണപ്പെടുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ദിവസം റിയാദിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.