ന്യൂദല്‍ഹി: ന്യൂയോര്‍ക്ക് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിൽ
യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
പൈലറ്റിന്റെ ലൈസന്‍സും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ അംഗീകരിക്കുന്നുവെന്നും അവ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
കമ്പനിയുടെ ഡയറക്ടര്‍-ഇന്‍-ഫ്‌ലൈറ്റ് സര്‍വീസിനും ഡിജിസിഎ പിഴ ചുമത്തിയിട്ടുണ്ട്. 2022 നവംബര്‍ 26-നായിരുന്നു സംഭവം. ന്യൂയോര്‍ക്ക് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ച് ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചുവെന്നാണ് പരാതി. ഇയാള്‍ മദ്യലഹരിയില്‍ആയിരുന്നെന്നാണ് സൂചന.