റിയാദ്: അപ്രതീക്ഷിത എൻട്രിയായി ഇന്ത്യൻ ചലച്ചിത്രത്തിലെ ബിഗ് ബി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൻഡോയുടെ റിയാദ് ഇലവനും ലയണൽ മെസ്സി നയിക്കുന്ന പാരീസ് സെന്റ് ജെർമെയ്‌നും (പി.എസ്.ജി) തമ്മിലുള്ള സൗഹൃദ മത്സരത്തിലാണ് അമിതാഭ് എത്തിയത്.
കളിക്കാരെ പരിചയപ്പെടൽ ചടങ്ങിനായി മൈതാനത്തിലെത്തിയ അമിതാഭ് ബച്ചൻ സൂപ്പർ താരങ്ങളുമായി ഏതാനും നിമിഷം കുശലാന്വേഷണവും നടത്തി.
ക്ഷണിക്കപ്പെട്ട അതിഥിയായി മത്സരം ഉദ്ഘാടനം ചെയ്യാനുമായെന്ന് ബച്ചൻ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്തു. അവിശ്വസനീയം എന്നായിരുന്നു ബിഗ് ബിയുടെ പോസ്റ്റിന് മറുപടിയായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി എഴുതിയത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വലിയ ആരാധകൻ കൂടിയാണ് കോലി. എന്തൊരു ഐതിഹാസിക നിമിഷം എന്നാണ് നടൻ നീൽ നിതിൻ മുകേഷ് എഴുതിയത്. നടി അഹാന കുമ്ര ഒരു കൂട്ടം ചുവന്ന ഹൃദയങ്ങളുടെ ഇമോജികൾ പോസ്റ്റിന് താഴെ ചേർത്തുവെച്ചു.