സഊദിയിലേക്ക് പുതിയ വിസയിൽ പോകുന്നവർക്ക് ആശ്വാസം; വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല

0
3353

റിയാദ്: സഊദിയിലേക്ക് പുതിയ വിസയിൽ പോകുന്നവർക്ക് ആശ്വാസമായി പുതിയ നടപടി. വിസ സ്റ്റാമ്പ് ചെയ്യാൻ സർട്ടിഫിക്കറ്റുകൾ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിർദേശം നൽകി മുബൈയിലെ സഊദി കോൺസുലേറ്റ് നിർദേശം നൽകി. അപ്പോസ്റ്റൽ അറ്റസ്റ്റെഷൻ മാത്രം മതിയെന്നാണ് സഊദി കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറ്റസ്‌റ്റേഷനായി അപ്പോസ്റ്റിൽ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞുവെന്നും അപ്പോസ്റ്റിൽ സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും സർട്ടിഫിക്കറ്റ് കോൺസുലേറ്റ് വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നും അക്കാദമിക് യോഗ്യതകളിലേക്കും അത് ബാധകമാണെന്നും മുംബൈയിലെ സഊദി അറേബ്യൻ കോൺസുലേറ്റ് ജനറൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

സഊദിയിലേക്കുള്ള പ്രൊഫഷണൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ സഊദി കോൺസുലേറ്റ് സുതാര്യമാക്കിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതിയാകുമെന്നാണ് പുതിയ നിർദേശം. സഊദി എംബസിയോ കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ സഊദി കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് അംഗീകൃത ഏജൻസികൾക്ക് സർക്കുലർ ലഭിച്ചത്.

ഇതുവരെ പ്രൊഫഷണൽ വിസയിൽ വരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ പലപ്പോഴും നാലോ അഞ്ചോ മാസം വരെ സമയം എടുത്തിരുന്നു. പുതിയ തീരുമാനത്തോടെ ദിവസങ്ങൾക്കുള്ളിൽ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ സാധിക്കും. നിലവിൽ എച്ച്.ആർ.ഡി അറ്റസ്‌റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് സഊദി കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷൻ നടന്നിരുന്നത്. ഇതിനായി നിശ്ചിത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അതത് യൂണിവേഴ്‌സിറ്റികളിലേക്ക് കോൺസുലേറ്റ് വെരിഫിക്കേഷന് അയക്കും. ഇതാണ് കാലതാമസത്തിന് കാരണമായിരുന്നത്.

പുതിയ സർക്കുലർ പ്രകാരം കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷന് ഇനി മുതൽ കാത്തിരിക്കേണ്ടിവരില്ല. എച്ച്.ആർ.ഡിയും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്തു കിട്ടാൻ പതിനഞ്ചോ ഇരുപതോ ദിവസം മാത്രമേ ആവശ്യമുള്ളൂ. ഉടൻ തന്നെ വിസയുമടിക്കാം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക