ബ്രിട്ടനിലെ കൂട്ടക്കൊല; ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലേക്ക്

0
3522

ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിംങ് കൂട്ടക്കൊലയിൽ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലേക്ക്.
കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറൻസുകൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

എന്നാൽ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിൽ എത്തുമെന്നാണു വിവരം. ഇവർക്കായി തൃപ്പൂണിത്തുറയിലെ ഒരു ഹോട്ടലിൽ താമസ സൗകര്യംവരെ ഒരുക്കിയിട്ടുണ്ട്. 

അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥർ മാതാപിതാക്കളുടെ മൊഴിയെടുക്കും. പിന്നീടു കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. ഇതുകൂടി ചേർത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുക. 

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച രാവിലത്തെ മാഞ്ചസ്റ്ററിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഹോം ഓഫിസിന്റെ ഫൈനൽ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെ യാത്ര മാറ്റുകയായിരുന്നു.

മലയാളി നഴ്സ് അഞ്ജുവും 2 മക്കളും ബ്രിട്ടനിൽ കൊല്ലപ്പെട്ടതിനു കാരണം ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലപാലിൽ സാജുവിന്റെ നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമാണെന്നാണ് സൂചന. അഞ്ജുവിനു കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചതിനെത്തുടർന്ന് ആശ്രിത വീസയിലാണു സാജു ബ്രിട്ടനിലേക്കു പോയത്. പിന്നീടു മക്കളെയും കൊണ്ടുപോയി. 

ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കു പോകാൻ പാടില്ല. രക്ഷിതാക്കളിലൊരാൾ കുട്ടികളെ പരിചരിച്ചു വീട്ടിൽത്തന്നെ കഴിയണം. ഇതോടെ ഉടൻ ജോലി നേടാൻ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു. കൂടാതെ അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല. 

മദ്യലഹരിയിലാണ് ഇയാൾ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. ഡിസംബർ 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു.

‌ഒരുമാസത്തോളം സമയമെടുത്താണു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. ക്രിസ്മസ് – ന്യൂ ഇയർ അവധിദിവസങ്ങൾ ഇടയ്ക്കുവന്നതോടെയാണു നടപടികൾ ഇത്രയേറെ വൈകിയത്.