ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ്. ജിദ്ദയിൽ നിന്ന് രാവിലെ 10 മണിക്കാണ് സർവീസുകൾ ആരംഭിക്കുക.
ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്ന് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഒന്നിൽ നിന്നാണ് സൗജന്യ ബസ് സർവീസ് നടത്തുക.
ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീർഥാടകർക്ക് വേഗത്തിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്നതിന് വേണ്ടിയാണ് പുതിയ സേവനം ആരംഭിക്കുന്നത്. യാത്രക്കാർ ഇഹ്‌റം വസ്ത്രത്തിൽ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സ്വദേശികളാണെങ്കിൽ ദേശീയ തിരിച്ചറിയൽ രേഖയും വിദേശികൾ അവരുടെ പാസ്‌പോർട്ടും കാണിക്കേണ്ടതാണ്.




