ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക്കോളേജിന്റെ ഡയമണ്ട് ജൂബിലി – സനദ് ദാന മഹാ സമ്മേളനത്തിന് ജിദ്ദ ‘ഓസ്ഫോജ്ന’യുടെ ആഭിമുഖ്യത്തിൽ ഐക്യ ദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മത വൈജ്ഞാനിക രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച ജാമിഅഃ നൂരിയ ഇന്ന് ആഗോള പ്രശസ്ത സ്ഥാപനമായി മാറിയതായി അദ്ദേഹം പറഞ്ഞു. ആത്മാർത്ഥതയും നിസ്വാർത്ഥരുമായ ഉലമ – ഉമറാക്കൾ നേതൃത്വം നൽകിയ ഈ സ്ഥാപനം വിജ്ഞാനത്തിന്റെ കെടാ വിളക്കായി എന്നും ശോഭിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

മനുഷ്യരുടെ സ്വതന്ത്ര ചിന്തക്ക് ഇസ്ലാം എതിരല്ലെന്നും ചിന്തിക്കാനാണ് ഖുർആൻ ഇടയ്ക്കിടെ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദൈവികമായ കാര്യങ്ങൾ പ്രവാചകൻ പറഞ്ഞത് വിശ്വസിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.