ജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ ചാരിറ്റി പ്രവർത്തങ്ങളുടെ ധന ശേഖരണാർത്ഥം സമാ യുണൈറ്റഡ് ട്രേഡിങ് കമ്പനിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 13 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ജിദ്ദ ശബാബിയ്യ സ്റ്റേഡിയത്തിൽ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജനുവരി 20 വെള്ളിയാഴ്ച നടക്കും. ഫുട്ബോൾ മത്സരത്തിന്റെ ഫിക്സ്ച്ചർ റിലീസ് ഷറഫിയ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി ടൂർണമെന്റ് മുഖ്യ പ്രായോജകരായ സമാ യുനൈറ്റഡ് ട്രെഡിങ് കമ്പനി പ്രധിനിധി റസാക്കിന്റെ അധ്യക്ഷതയിൽ സഊദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു.
സഊദിയിലെയും നാട്ടിലെയും പ്രഗത്ഭരായ കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കും. സീനിയർ മത്സരത്തിലെ വിന്നേഴ്സിന് ഷറഫിയ ട്രെഡിങ് നൽകുന്ന 3,001 റിയാൽ പ്രൈസ് മണിയും പവർ ഹൗസ് നൽകുന്ന പടുകൂറ്റൻ ട്രോഫിയും, റണ്ണേഴ്സിന് യൂറോ ഗൾഫ് ലോജിസ്റ്റിക്സ് നൽകുന്ന,1,501 റിയാൽ പ്രൈസ് മണിയും അയ്മൻ ട്രാവൽ കൺസൽട്ടന്റ് ഷറഫിയ നൽകുന്ന ട്രോഫിയും നൽകുന്നതാണ്. വെറ്ററൻസ് മത്സരത്തിലെ വിജയികൾക്ക് പീജിയൻ കാർഗോ നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ നൽകുന്ന 1,001 റിയാൽ പ്രൈസ് മണിയും റണ്ണേഴ്സിന് റീഗൾ മാൾ നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ നൽകുന്ന 501 റിയാൽ പ്രൈസ് മണിയും നൽകുന്നതാണ്. ജൂനിയർ മത്സരത്തിലെ വിജയികൾക്ക് ഇമ്പീരിയൽ ഹോട്ടൽ നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ നൽകുന്ന 1,001 റിയാൽ പ്രൈസ് മണിയും റണ്ണേഴ്സിന് തുറായ മെഡിക്കൽസ് നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ നൽകുന്ന 501 റിയാൽ പ്രൈസ് മണിയും നൽകുന്നതാണ്. ടൂർണമെന്റിലെ ബെസ്റ്റ് പ്ലയെർക്ക് സ്മാർട്ട് ലുക്ക് നൽകുന്ന ട്രോഫിയും ബെസ്റ്റ് ഗോൾ കീപ്പർക്ക് റോളക്സ് കാർഗോ നൽകുന്ന ട്രോഫിയും നൽകുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.

ഷറഫിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ നിഷാബ് വയനാട്, സാഹിർ നെല്ലിക്കുത്ത്, ശരീഫ് കാണാമംഗലം, ശിഹാബ് പറവൂർ, ഫാറൂഖ് സമാഹ, അഷ്ഫാർ നരിപ്പറ്റ, സഹീർ പുത്തൻ, സഹൂർ കുറുപ്പത്ത്, ശാഹുൽ ഹമീദ് പുളിക്കൽ, ഇസ്ഹാഖ് പരപ്പനങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.