ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്

0
2678

ന്യൂഡൽഹി: ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ അടിയന്തിരമായി ഇറക്കി. മോസ്‌കോയിൽനിന്ന് ഗോവയിലേക്ക് പുറപ്പെട്ട അസൂർ എയർ അന്താരാഷ്ട്ര വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി. ഇതേതുടർന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗർ വിമാനത്താവളത്തിൽ ഇറക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടൻ തന്നെ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയതായി ജാം എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനത്തിൽ 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉള്ളത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് പരിശോധന നടത്തി.

മോസ്‌കോയില്‍ നിന്ന് പുറപ്പെട്ട് ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 9.49ന് ജാംനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തില്‍ അടിയന്തരമായി ഇറക്കിയ മോസ്‌കോ-ഗോവ വിമാനത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 11നുള്ളില്‍ വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിച്ചു.

നാഷണൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പെടെയുള്ള ഉന്നതതല സംഘവും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഗോവ എയർ ട്രാഫിക് കൺട്രോളിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വിമാനം ഗുജറാത്തിലെ ജാം നഗറിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോളറും പോലീസും ജാം നഗർ ജില്ലാ കലക്ടറും അറിയിച്ചു.

സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എയർപോർട്ടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും വിശദമായ പരിശോധനകളും അന്വേഷണവും നടന്നുവരികയാണെന്നും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അശോക് കുമാർ യാദവ് വ്യക്തമാക്കി. ഒന്‍പത് മണിക്കൂര്‍ സുരക്ഷാസേന ജാംനഗര്‍ വിമാനത്താവളം വളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. വ്യാജ ബോംബ് ഭീഷണി മുഴക്കിയത് ആരാണെന്ന് വ്യക്തമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക