ഹജ്ജ് എക്‌സ്‌പോയ്ക്ക് ജിദ്ദയിൽ തുടക്കം; നാലു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും

0
1099

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഹജ്ജ് എക്‌സ്‌പോക്ക് ജിദ്ദ സൂപ്പര്‍ ഡോമില്‍ തുടക്കം. ഹജ്ജ്, ഉംറ സേവനങ്ങളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവരും പുതുമുഖ സ്ഥാപനങ്ങളുമടക്കം നിരവധി കമ്പനികളുടെ പവിലിയനുകളും ഒരുക്കിയിട്ടുണ്ട്.

ഹജിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന എക്‌സ്‌പോ, ലോകത്തിലെ ഏറ്റവും വലിയ ഡോം എന്ന റെക്കോര്‍ഡുള്ള ജിദ്ദയിലെ സൂപ്പര്‍ ഡോമിലാണ് ആരംഭിച്ചിരിക്കുന്നത്.

പ്രവാചകന്റെ മക്കയിലെ ജീവിതവും മദീനയിലേക്കുള്ള പലായനവും ഹജിന്റെ രീതികളും മക്കയുടെയും മദീനയുടെ ആദ്യകാലവുമെല്ലാം വിവരിക്കുന്ന എക്‌സ്‌പോ സൗദിയുടെ മാറുന്ന മുഖത്തിന്റെ നേര്‍ക്കാഴ്ചയും സമ്മാനിക്കുന്നു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
2030 എന്ന സൗദിയുടെ സൂപ്പര്‍ പ്രൊജക്ടിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് എക്‌സിബിഷന്‍. മക്കയും മദീനയും വരുംവര്‍ഷങ്ങളില്‍ എങ്ങിനെ മാറിമറിയുമെന്നതിന്റെ കൃത്യമായ സൂചനകളും ഈ എക്‌സ്‌പോ സമ്മാനിക്കുന്നു. മക്കയിലും മദീനയും അടുത്ത നാളുകളില്‍ നടക്കാനിരിക്കുന്ന വികസന പദ്ധതികളുടെ റോഡ് മാപ്പുമായാണ് അതാത് കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തുന്നവരെ കാത്തിരിക്കുന്നത്. സൗദിയുടെ യാത്രാ സൗകര്യങ്ങളില്‍ റെയില്‍വേ, റോഡ് വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഭാവി പ്രൊജക്ടുകളും കാണികളെ ആകര്‍ഷിക്കും.

സഊദി റെയില്‍വേ നടപ്പാക്കിയതും ഭാവിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളാണ് പ്രധാനപ്പെട്ടവയില്‍ ഒന്ന്. റോഡ് മുതല്‍ കാര്‍ട്ട് സൗകര്യങ്ങള്‍ വരെ വിശദമായി സ്റ്റാളുകളിലുണ്ട്. ഹജ്ജും ഉംറയും നിര്‍വഹിക്കാനെത്തുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിവിധ ബസ് കമ്പനികളും സഊദിയിലെ തങ്ങളുടെ പ്രവര്‍ത്തന മേഖല വിശദീകരിക്കുന്നു.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള മക്ക റൂട്ട് പദ്ധതിയുടെ സ്റ്റാളുമുണ്ട്.