സഊദിയിൽ ടൂറിസം ശക്തിപ്പെടുത്താൻ പുതിയ പദ്ധതിക്ക് അംഗീകാരം; സഊദികൾക്ക് ഹൗസിംഗ് യൂണിറ്റുകൾ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാം

0
1292

റിയാദ്: സ്വകാര്യ ടൂറിസം ഹോസ്പിറ്റാലിറ്റിയുടെ പുതിയ ബൈലോയ്ക്ക് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അംഗീകാരം നൽകി. രാജ്യത്തെ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്ന പുതിയ പദ്ധതിപ്രകാരം സഊദി പൗരന്മാർക്ക് അവരുടെ റസിഡൻഷ്യൽ യൂണിറ്റുകൾ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാൻ സാധിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് പെർമിറ്റ് നൽകുന്നതിന് ഏതാനും നിയന്ത്രണങ്ങളും ബൈലോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചട്ടങ്ങൾ അനുസരിച്ച്, പാർപ്പിടത്തിനോ കാർഷിക ആവശ്യങ്ങൾക്കോ വേണ്ടി സജ്ജമാക്കിയ കേന്ദ്രങ്ങൾ ആയിരിക്കണം ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യം ഏർപ്പെടുത്തേണ്ടത്. മാത്രമല്ല, ഒരു വസ്തുവിൽ ഒരാൾക്ക് നൽകുന്ന പെർമിറ്റുകളുടെ ആകെ എണ്ണം മൂന്നിൽ കൂടരുത്. മന്ത്രിക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്കോ, ചില ഘട്ടങ്ങളിൽ ഒരു നിശ്ചിത കാലയളവിലേക്ക് പെർമിറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അധികാരമുണ്ടായിരുക്കും

പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട നിരവധി നിബന്ധനകളും ബൈലോ വ്യവസ്ഥ ചെയ്യുന്നു. സഊദി പൗരന്മാർക്ക് മാത്രമേ ഇത്തരമൊരു സംവിധാനത്തിന് അപേക്ഷിക്കാൻ കഴിയൂവെന്നതാണ് അതിൽ പ്രധാനം. പെർമിറ്റുമായി ബന്ധപ്പെട്ട വസ്തുവിന്റെ ഉടമസ്ഥാവകാശം അല്ലെങ്കിൽ ഉപയോഗത്തിനുള്ള അവകാശം തെളിയിക്കുന്ന ഒരു ഇലക്ട്രോണിക് കരാർ സമർപ്പിച്ചിരിക്കണം. അപേക്ഷകന്റെ ഔദ്യോഗിക ഡാറ്റയും സ്വകാര്യ ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യവും അപ്ഡേറ്റ് ചെയ്ത് അപേക്ഷ നൽകിയിരിക്കണം.

പെർമിറ്റ് നൽകുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അപേക്ഷകൻ പാലിച്ചിരിക്കണമെന്ന് ബൈലോ വ്യക്തമാക്കുന്നു. പെർമിറ്റിന് അനുസൃതമായി സേവനങ്ങൾ നൽകണം, മറ്റുള്ളവരെ പെർമിറ്റ് ഉപയോഗിക്കാൻ അനുവദിക്കരുത്. പരിശോധകനുമായി സഹകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകാനും ഉടമ ബാധ്യസ്ഥനാണ്. അനുമതി നേടിയതിനുശേഷമല്ലാതെ, ഏതെങ്കിലും പരസ്യത്തിലോ മാർക്കറ്റിംഗ് പ്രവർത്തനങ്ങളിലോ മന്ത്രാലയത്തിന്റെ പേരോ ലോഗോയോ ഉപയോഗിക്കാൻ അനുവദിക്കില്ല, നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം, കാലഹരണപ്പെട്ട പെർമിറ്റ് ഉപയോഗിക്കരുത്, പ്രസിദ്ധീകരിക്കുമ്പോഴോ പരസ്യം ചെയ്യുമ്പോഴോ പെർമിറ്റുമായി പൊരുത്തപ്പെടുന്ന ഹോസ്പിറ്റാലിറ്റി സൗകര്യത്തിന്റെ ഡാറ്റയും ചിത്രവും മാത്രമേ ഉപയോഗിക്കാവൂ എന്ന കാര്യങ്ങളും ഉടമകൾ പാലിക്കണം.

സേവനങ്ങൾക്കുള്ള ഫീസ് ലിസ്റ്റ് അറബിയിലും ഇംഗ്ലീഷിലും വിനോദസഞ്ചാരികൾക്ക് പ്രദർശിപ്പിക്കണം, നിയമാനുസൃത ഫീസും നികുതിയും ഉൾപ്പെടെ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് അനുസൃതമായി അത് ട്രാവൽ ആൻഡ് ടൂറിസം സേവന ദാതാവ് വഴി പരസ്യം ചെയ്യണം, വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവവും സ്വകാര്യതയും കാത്തുസൂക്ഷിക്കണം, വിനോദസഞ്ചാരികളുടെ അംഗീകാരം നേടാതെ അത്തരം വിവരങ്ങൾ ഒരു ആവശ്യത്തിനും പങ്കിടുകയോ ഉപയോഗിക്കുകയോ ചെയ്യരുത്, സുരക്ഷ, ആരോഗ്യം, പാരിസ്ഥിതിക വശങ്ങൾ, സുരക്ഷാ മാർഗങ്ങൾ, ആംബുലൻസ്, കുടിയൊഴിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണം, ഒരു ടൂറിസ്റ്റ് ചെക്ക് ഇൻ ചെയ്‌തതിന് ശേഷം റെസിഡൻഷ്യൽ യൂണിറ്റ് ഒഴിയാൻ നിർബന്ധിക്കരുത്, വിനോദസഞ്ചാരികൾ താമസിക്കുന്ന റെസിഡൻഷ്യൽ സൗകര്യം അവന്റെ അനുമതിയില്ലാതെ തുറക്കരുത്, എന്നീ നിബന്ധനകൾ പാലിക്കണമെന്ന് ബൈലോ ആവശ്യപ്പെടുന്നു.

ചെക്ക്-ഇൻ സമയത്ത് സാധുതയുള്ള ഐഡി പരിശോധിച്ചതിന് ശേഷം മാത്രമേ വിനോദസഞ്ചാരികൾക്ക് താമസിക്കാൻ കഴിയൂ. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ തിരിച്ചറിയൽ രേഖ ഇല്ലാത്ത വിനോദസഞ്ചാരികൾക്ക് ബൈലോയിലെ വ്യവസ്ഥകൾ അനുസരിച്ച് ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിന് ശേഷം താമസാനുമതി നൽകാമെന്നും ബൈലോ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക