റിയാദ് വളരുന്നു ശരവേഗത്തിൽ; ഗതാഗതം സുഗമമാക്കാൻ പദ്ധതികൾ, സ്‌കൂളുകളുടെ സമയം മാറ്റാനും പദ്ധതി

0
2974

റിയാദ്: അതിവേഗം വളരുന്ന തലസ്ഥാന നഗരിയായ റിയാദിലെ ഗതാഗതം സുഗമമാക്കുന്നതിന് വിപുലമായ പദ്ധതികൾ ഒരുങ്ങുന്നു. സ്കൂളുകളുടെയും സർവകലാശാലകളുടെയും സമയം മാറ്റാനും ചില സർക്കാർ ഏജൻസികളിൽ കൂടുതൽ “ഓൺലൈൻ” ജോലികൾ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പഠനനങ്ങൾ നടക്കുന്നുണ്ട്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് റോഡുകളിലെ ഗതാഗത സാന്ദ്രതയുടെ വെല്ലുവിളികളെക്കുറിച്ച് ട്രാഫിക് ആൻഡ് പ്രൊപ്പോസ്ഡ് ഓപ്പറേഷണൽ സൊല്യൂഷൻസ് ശിൽപശാല ചർച്ച ചെയ്യുന്നുണ്ട്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകൾ ശിൽപശാലയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിപ്പാർട്ട്മെന്റ് വക്താവ് മൻസൂർ അൽ ശക്ര പറഞ്ഞു.

ഹൈവേകൾക്കായി ഒരു പ്രവർത്തന മാതൃക നിർമ്മിക്കുക, ട്രാഫിക് ലൈറ്റുകളുടെ സംവിധാനം വീണ്ടും പഠിക്കുക, ചില കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഓൺലൈൻ ജോലികൾ പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയെ പിന്തുണക്കുക തുടങ്ങിയവ വർക്ക്‌ഷോപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചയായിരുന്നു. സ്‌കൂളുകളുടെയും സർവ്വകലാശാലകളുടെയും സമയം മാറ്റുന്നതിനും മറ്റ് സാധ്യമായ നിരവധി പരിഹാരങ്ങൾ സ്വീകരിക്കുന്നതിനും ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാല ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം തലസ്ഥാന നഗരത്തിലെ റോഡുകളിൽ പ്രതിദിനം 16 ദശലക്ഷം യാത്രകളാണ് നടക്കുന്നത്. ഇവകളിൽ 89 ശതമാനത്തിലധികം ട്രിപ്പുകൾ നടത്തുന്നത് സ്വകാര്യ കാറുകളാണെങ്കിൽ പൊതുഗതാഗതം രണ്ട് ശതമാനം മാത്രമാണ്. നിലവിൽ 7.5 ദശലക്ഷത്തിലധികം ആളുകൾ റിയാദിൽ താമസിക്കുന്നതായാണ് കണക്കുകൾ. 2030 ഓടെ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനാൽ ഈ എണ്ണം വർഷം തോറും വർദ്ധിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക