കോസ്‌വേ കടക്കാൻ ഇനി എളുപ്പമാകും; അബ്ഷിറിൽ ‘അബ്ഷിർ ട്രാവൽ’ സേവനവുമായി ജവാസാത്

0
1468

റിയാദ്: രാജ്യത്തെ കര അതിർത്തികളിൽ യാത്രക്കാരുടെ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ സേവനവുമായി അബ്ഷിർ ട്രാവൽ. കരാതിര്‍ത്തി പോസ്റ്റുകളില്‍ എത്തുന്നതിനു മുമ്പായി വാഹനങ്ങളിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവുമായാണ് അബ്ശിര്‍ ട്രാവല്‍ സജ്ജീകരിച്ചിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് മൂലം അതിർത്തി പ്രവേശന യാത്ര കവാടങ്ങളിലെ തിരക്കുകൾ കുറക്കാനും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ കാത്തിരിക്കേണ്ടിവരുന്ന സമയം കുറക്കാനും സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം അബ്ശിര്‍ ട്രാവല്‍ സേവനം സഊദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ ആദ്യ ആരംഭിച്ചിട്ടുണ്ട്. പടിപടിയായി മറ്റു കരാതിര്‍ത്തി പോസ്റ്റുകളിലേക്കും അബ്ശിര്‍ ട്രാവല്‍ സേവനം വ്യാപിപ്പിക്കും.

യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അബ്ശിര്‍ ട്രാവല്‍ സേവനം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പാസ്‌പോര്‍ട്ട് കാലാവധി, യാത്രാനുമതി പത്രം എന്നിവയുമായും മറ്റും ബന്ധപ്പെട്ട് യാത്രക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്താന്‍ സാധിക്കും. കൂടാതെ യാത്രക്കാര്‍ എത്തുമെന്ന് കരുതുന്ന സമയത്ത് അതിര്‍ത്തി പോസ്റ്റില്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി അവരെ അറിയിക്കാനും സേവനം സഹായിക്കും.

യാത്രക്കാര്‍ അതിര്‍ത്തി പോസ്റ്റില്‍ എത്തുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ നഫാദ് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ പരിശോധിക്കാനും ഇതിലൂടെ സാധിക്കും. ഇതുവഴി അതിര്‍ത്തി പോസ്റ്റുകളിലെ പ്രത്യേക ട്രാക്കുകള്‍ വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തുകടക്കാന്‍ കഴിയും. അബ്ശിര്‍ ട്രാവല്‍ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ അബ്ശിര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക