പെലെ പറഞ്ഞു, സലാം ദുബായ്!; ‘ഇതിഹാസ’ ഓർമകൾ പങ്കുവച്ച് എമിറേറ്റ്സ് മലയാളി ഡ്രൈവർ

0
1744

ദുബൈ: ഫുട്ബോൾ ഇതിഹാസം പെലെ ദുബൈയിൽ എത്തിയാൽ ആദ്യം തിരഞ്ഞിരുന്ന മലയാളി ഒ.ടി. സലാമാണ്. ബ്രസീലിൽ നിന്നു തിരിക്കും മുൻപേ മലപ്പുറം എടരിക്കോട് പുതുപ്പറമ്പ് സ്വദേശി സലാം ദുബായിലുണ്ടെന്ന് പെലെ ഉറപ്പിക്കും. കാരണം, സലാം ഓടിക്കുന്ന വാഹനത്തിലിരിക്കുന്നതാണ് പെലെയ്ക്ക് സന്തോഷം. 2014 ൽ ബ്രസീലിൽ ലോക കപ്പ് നടന്നപ്പോഴാണ് സലാമും പെലെയും ദുബായിൽ കണ്ടു മുട്ടുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരസ്യ ചിത്രീകരണത്തിനും മറ്റുമായി ദുബായിലെത്തിയ പെലെയുടെ വാഹനമോടിക്കാൻ എമിറേറ്റ്സ് നിയോഗിച്ചത് അവരുടെ വിഐപി ഡ്രൈവറായ ഒ.ടി. സലാമിനെയായിരുന്നു. അന്നു പെലെയ്ക്ക് സഞ്ചരിക്കാനായി മെഴ്സിഡീസിന്റെ എസ് 500 എന്ന പുത്തൻ കാറാണ് എമിറേറ്റ്സ് വാങ്ങിയത്. പൂജ്യം കിലോമീറ്ററിൽ നിന്നാണ് ആ കാർ ഓടിത്തുടങ്ങിയത്. കാറിന്റെ സാരഥിയെ പെലെയ്ക്ക് ബോധിച്ചു.

ജീവിതം ഫുട്ബോളിനു സമർപ്പിച്ച മലപ്പുറത്തുകാരനാണെന്ന് കൂടി അറിഞ്ഞതോടെ ഇഷ്ടം കൂടി. സമയം കിട്ടിയപ്പോൾ മലപ്പുറത്തെ ഫുട്ബോൾ ഹരത്തിന്റെ ചിത്രങ്ങൾ സലാം പെലെയ്ക്കു കാട്ടിക്കൊടുത്തു. കേരളത്തിലെ ഫുട്ബോൾ ആരാധനയെക്കുറിച്ച് സലാമിനേക്കാൾ കൂടുതൽ പെലെയ്ക്ക് അറിയാമായിരുന്നു. കാരണം, മലയാളികളുടെ 100 കണക്കിന് കത്തുകളാണ് ദിവസവും പെലെയുടെ ഓഫിസിലെത്തിയിരുന്നത്.

ആ കത്തുകളിലൂടെ കേരളത്തിനു ഫുട്ബോളിനോടുള്ള ഇഷ്ടം പെലെ നേരത്തെ മനസിലാക്കി. ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങുമ്പോൾ സലാമിന് കൈകൊടുത്തു പെലെ നന്ദി പറഞ്ഞു. പിന്നീട്, രണ്ടു തവണ കൂടി അദ്ദേഹം ദുബായിൽ എത്തി. അപ്പോഴെല്ലാം, പെലെയുടെ ഓഫിസിൽ നിന്ന് എമിറേറ്റ്സിലേക്ക് വിളി എത്തി, സലാമിനായി. ഡ്രൈവറായി സലാം തന്നെ വേണമെന്നു പിന്നീടു വന്ന രണ്ടു തവണയും പെലെ നിർബന്ധം പറഞ്ഞിരുന്നു.

അവസാന കൂടിക്കാഴ്ചയിൽ പെലെ ക്ഷീണിതനായിരുന്നു. വീൽ ചെയറിലാണ് വന്നതും പോയതും. പോകുമ്പോൾ ഫുട്ബോളിലും ഷോളിലും ഒപ്പിട്ടു നൽകി. ഇനിയൊരു മടങ്ങി വരവില്ലെന്ന് ഉറപ്പായതു കൊണ്ടാകാം അന്ന് അങ്ങനെ ചെയ്തതെന്ന് സലാം വിശ്വസിക്കുന്നു.ഓരോ തവണയും ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ അനുവദിച്ചു. സലാമിന്റെ സുഹൃത്തുക്കൾക്കൊപ്പവും പടമെടുക്കാൻ പെലെ സമ്മതിച്ചു.

ഇതിഹാസ താരമായിട്ടുംഅഹങ്കാരമില്ലാതെയാണ് അദ്ദേഹം ഇടപഴകിയതെന്നും സലാം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി എമിറേറ്റ്സിൽ ജോലി ചെയ്യുന്ന സലാം ഇപ്പോൾ വിഐപി യാത്രകളുടെ കോ ഓർഡിനേറ്ററാണ്. ഷെയ്ഖ് കുടുംബാംഗങ്ങൾ അടക്കം വിവിഐപികൾ വരുമ്പോഴെല്ലാം എമിറേറ്റ്സ് സലാമിനെയാണ് ഡ്രൈവറായി നിയോഗിക്കുക. സലാമിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: ഉമൈബാൻ. മക്കൾ: റിൻഷിന, അൻഷിന, ഇഷാൻ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Courtesy: manorama