ദുബൈ: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
കണ്ണിനു കുളിർമ നൽകുന്ന ആഘോഷ പരിപാടികൾ അണിയറയിൽ ഒരുക്കി അതിഥികൾക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
ബുർജ് ഖലീഫയും മറീനയുമാണ് ആഘോഷങ്ങളുടെ സിരാകേന്ദ്രം. അൽസീഫിലും ഗ്ലോബൽ വില്ലേജിലും എക്സ്പോ സിറ്റിയിലും ആഘോഷങ്ങളുണ്ട്.

ഗ്ലോബൽ വില്ലേജിൽ 7 സമയക്രമങ്ങളിലെ പുതുവൽസരാഘോഷമാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 8.30ന് തുടങ്ങുന്ന പുതുവത്സരാഘോഷം പുലർച്ചെ 1.30വരെ നീളും.
കരയിൽ പുതുവർഷ പരിപാടികൾ, ചുറ്റും വെടിക്കെട്ടും വർണ വിളക്കുകളും അവിസ്മരണീയ കാഴ്ചകൾ കടലിൽ ഇരുന്ന് ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് ഡി3 യോട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്ക് ബുർജ് ഖലീഫ വേദിയാകും. ഒരു ലക്ഷത്തോളം പേർ ഇവിടത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് വിവരം. ബുർജ് ഖലീഫയിലേക്കുള്ള വഴികൾ വൈകുന്നേരം 4 മണിയോടെ അടയ്ക്കും. റെക്കോർഡ് കരിമരുന്നു പ്രയോഗമാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിൽ നടക്കാൻ പോകുന്നത്. ദുബായ് ഫ്രെയിം, ബ്ലുവാട്ടേഴ്സ്, ദ് ബീച്ച്, ജുമൈറ ബീച്ച് റിസോർട്ട്, ബുർജ് അൽ അറബ് എന്നിവിടങ്ങളിലും ആഘോഷം പൊടിപൊടിക്കും. ഇവിടങ്ങളിൽ മുൻ കൂട്ടി സീറ്റുകൾ ബുക്ക് ചെയ്യണം.




