റിയാദ്: സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) ജനുവരി 11 മുതൽ 19 വരെ കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ വനിതാ അന്താരാഷ്ട്ര സൗഹൃദ ടൂർണമെന്റ് നടത്തുന്നു.
പ്രിൻസ് സൗദ് ബിൻ ജലാവി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പാകിസ്ഥാൻ, കൊമോറോസ്, മൗറീഷ്യസ്, സഊദി അറേബ്യ എന്നീ നാല് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷം ആരംഭിച്ച ആദ്യത്തെ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ വികസിപ്പിക്കുന്നതിനായി സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനിലെ വനിതാ ഫുട്ബോൾ ഡിപ്പാർട്ട്മെന്റിന്റെ ലക്ഷ്യത്തിലാണ് ടൂർണമെന്റ് ആതിഥേയത്വം വഹിക്കുന്നത്.
ദേശീയ ടീം ഇതിനോടകം നിരവധി ക്യാമ്പുകളിലും സൗഹൃദ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പ്രാദേശിക മത്സരങ്ങളിലൂടെയും പെൺകുട്ടികൾക്കായുള്ള പ്രാദേശിക പരിശീലന കേന്ദ്രങ്ങളിലൂടെയും സൗദി അറേബ്യയിലെ വനിതാ ഫുട്ബോൾ മികച്ച കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി സാഫ് ഡയറക്ടർ ബോർഡ് അംഗവും വനിതാ ഫുട്ബോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ ലാമിയ ബിൻ ബഹിയാൻ പറഞ്ഞു.