റിയാദ്: സയാറ്റിക്ക ബാധിച്ച് കിടപ്പിലായ എറണാകുളം സ്വദേശിനിയെ മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. മജ്മ റീഹാബിലിറ്റേഷൻ സെൻററിലെ ജീവനക്കാരിയായിരുന്ന, കോതമംഗലം സ്വദേശിനി ധന്യ ബൈജുവിനെയാണ് മലയാളി വാട്സാപ്പ് കൂട്ടായ്മയിലെത്തിയ സഹായാഭ്യാർഥ്യനയെ തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്കയച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അസുഖം പിടിപെട്ട് തീർത്തും കിടപ്പിലായ ധന്യയെ വേണ്ടരീതിയിലുള്ള ചികിൽസ നൽകാൻ തയ്യാറാവാതെ അഫ്രാസ് എന്ന മാൻപവർ കമ്പനി അവരുടെ താമസ സ്ഥലത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നു. കിടപ്പിൽനിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിട്ടും കമ്പനി ഇടപെടാത്ത അവസ്‌ഥയിൽ, തന്റെ ദയനീയ അവസ്‌ഥ സാമൂഹികമാധ്യമങ്ങൾ വഴി ധന്യ പുറംലോകത്തെ അറിയിച്ചിരുന്നു.
ദുബൈ മലയാളി അസോസിയേഷൻ പ്രസിഡന്റ് അജിത അനീഷ് തനിക്ക് ലഭിച്ച പരാതി സഊദിയിലെ മലയാളി കൂട്ടായ്മയായ മലയാളീസ് അറ്റ് സഊദി എന്ന വാട്സപ്പ് കൂട്ടായ്മയിൽ അറിയിച്ചതോടെയാണ് വിഷയത്തിൽ സഊദിയിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടായത്. തുടർന്ന് സാമൂഹ്യ പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ഒടുവിൽ യുവതിക്ക് നാട്ടിലേക്കുള്ള വഴി ഒരുങ്ങുകയുമായിരുന്നു.
സാമൂഹ്യ പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും, കമ്പനി അധികൃതരോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എംബസി ആവശ്യപ്പെട്ടെങ്കിലും മതിയായ ചികിത്സ ഏർപ്പെടുത്താൻ കമ്പനി തയ്യാറായില്ല. തുടർന്ന് ധന്യയെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എം.ആർ.ഐ സ്കാനിങ് ഉൾപ്പെടെയുള്ള ചികിത്സാ സൗകരുങ്ങൾ സൗജന്യമായി ഒരുക്കി കൊടുക്കുകയും ചെയ്തു. കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരും ധന്യക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി രംഗത്തെത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം അഫ്രാസ് മാൻപവർ കമ്പനി അധികൃതർ മുന്നറിയിപ്പില്ലാതെ ധന്യയെ യാത്രാ രേഖകകളും ടിക്കറ്റുമായി എയർപോർട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്ന അവസ്ഥയാണുണ്ടായതെങ്കിലും, ധന്യക്ക് പോകേണ്ടുന്ന അതേ ഫ്ളൈറ്റിലെ സഹയാത്രികെൻറ സഹായത്തോടെ നാട്ടിൽ എത്തിച്ചേർന്നു. ഭർത്താവും രണ്ടു മക്കളും ചേർന്ന് സ്വീകരിച്ച ധന്യയെ തുടർചികിത്സയിലാണ്.
ധന്യയുടെ ദുരിതതിന്നു അറുതി വരുത്തി നാട്ടിലേക്ക് കയറ്റി വിടാൻ സഹായിച്ച സാമൂഹ്യ സംഘടനയായ പ്ലീസ് ഇന്ത്യയുടെ ചെയർമാൻ ലത്തീഫ് തെച്ചി, സാമൂഹ്യ പ്രവർത്തകൻ വാജിദ് തുടങ്ങി സഹായിച്ച എല്ലാവർക്കും അജിത അനീഷ് നന്ദി അറിയിച്ചു. സഹായത്തിനായി ഇടപെട്ട പ്രതീഷ്, സിദ്ധീഖ്, വാജിദ്, എംബസി ഉദ്യോഗസ്ഥർ എന്നിവർക്ക് ധന്യ തന്റെ കടപ്പാട് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക