‘ബിഷ്ത് തരാമോ? 8.26 കോടി തരാം,; മെസ്സിയോട് ഒമാൻ പാർലമെന്റംഗം

0
3776

മസ്കറ്റ്: ഫുട്ബോളാവേശത്തിന്റെ അന്ത്യത്തിൽ ലുസൈല്‍ സ്റ്റേഡിയത്തിൽ അർജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിക്ക് ബിഷ്ത് (മേലങ്കി) ധരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ബിഷ്ത് നൽകുമോ എന്ന് ചോദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്‌ ഒമാൻ പാർലമെന്റംഗവും അഭിഭാഷകനുമായ അഹമദ് അൽ ബർവാനി. മെസിയെ അണിയിച്ച ബിഷ്ത് ഒമാനിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഹമദ് അൽ ബർവാനിയുടെ ട്വീറ്റ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഒരുപക്ഷെ, ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല. അതെനിക്ക് തരൂ. ഒരു മില്യൺ ഡോളർ തരാം. നിത്യസ്മാരകമായി സൂക്ഷിക്കാം’ അഹമദ് അൽ ബർവാനി ട്വീറ്റ്ചെയ്തു. കൂടുതൽ തുക ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാനും തയ്യാറെന്ന് അദ്ദേഹം പറഞ്ഞതായി ദി നാഷണൽ റിപ്പോർട്ട് ചെയ്തു.

പരമ്പരാഗതമായി അറബികൾ ധരിക്കുന്ന ഒരു മേൽവസ്ത്രമാണിത്. രാജകുടുംബങ്ങളും മതപണ്ഡിതരും രാഷ്ട്രീയനേതാക്കളും സമ്പന്നരുമെല്ലാമാണ് ബിഷ്ത് ധരിക്കാറുള്ളത്. രാജപ്രൗഢിയുടെ വസ്ത്രമാണിത്. സൗദി, ഖത്തർ, യു.എ.ഇ., കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഇറാഖ് തുടങ്ങിയ അറേബ്യൻ രാജ്യങ്ങളിലെല്ലാം ഈ വേഷം ധരിക്കുന്നവരുണ്ട്. ആഘോഷവേളകളിലാണ് അറബ്നാട്ടിലെ സാധാരണക്കാർ ബിഷ്ത് കൂടുതലായി ഉപയോഗിക്കുന്നത്.

അരികുകൾ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് ബിഷ്ത് നിർമിക്കുക. 7.5 ലക്ഷത്തോളം രൂപയാണ് ഏറ്റവും മികച്ച രാജകീയ ബിഷ്തിന്റെ വില.

കിരീടം ഏറ്റുവാങ്ങിയശേഷം മെസി ടീമിനടുത്തെത്തി കപ്പുയർത്തുമ്പോഴും ബിഷ്ത് ധരിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് നക്ഷത്രങ്ങൾ പതിച്ച അർജന്റീനയുടെ പുതിയ ജേഴ്‌സിയണിഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക