ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിലെത്തി; പ്രവാസികളുടെ എണ്ണത്തിലും വർദ്ധനവ്

0
1536

മസ്കറ്റ്: ഒമാനിലെ ജനസംഖ്യ 50 ലക്ഷത്തിനടുത്ത് എത്തിയതായി ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയം അറിയിച്ചു. 2022 നവംബർ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഒമാനിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നത്. ഇവരില്‍ ഇരുപത് ലക്ഷം പേരും പ്രവാസികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗവര്‍ണറേറ്റുകള്‍ തിരിച്ചുള്ള കണക്കുകളില്‍ മസ്‍കത്തിലാണ് ഏറ്റവും കൂടുതൽ പേര്‍ താമസിച്ചു വരുന്നത്. 1,463,218 ആണ് മസ്കത്ത് ഗവര്‍ണറേറ്റിലെ ജനസംഖ്യ. അതേസമയം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് അൽ വുസ്ത ഗവർണറേറ്റിലാണ്‌. 58,519 ആളുകളാണ് ഇവിടെയുള്ളത്. ഒരു മാസം കൊണ്ടുമാത്രം ജനസംഖ്യയില്‍ 27,922ന്റെ വർദ്ധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബര്‍ അവസാനത്തിൽ 48,76,125 ആയിരുന്നു രാജ്യത്തെ ജനസംഖ്യയെങ്കില്‍ നവംബര്‍ അവസാനത്തിലെത്തിയപ്പോൾ ഇത് 49,04,047 ആയി ഉയർന്നിട്ടുണ്ട്. പ്രവാസികളുടെ എണ്ണത്തിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ അവസാനത്തിൽ രാജ്യത്തെ പ്രവാസികളുടെ എണ്ണം 20,19,348 ആയിരുന്നുവെങ്കില്‍ നവംബര്‍ അവസാനത്തോടെ ഇത് 20,42,630 ആയി. സ്വദേശികളുടെ എണ്ണം ഒക്ടോബറില്‍ 28,56,777 ആയിരുന്നത് ഒരു മാസം കൊണ്ട് 28,61,417 ആയാണ് വര്‍ദ്ധിച്ചത്. ആകെ 4640 പേരുടെ വര്‍ദ്ധനവ് സ്വദേശികളുടെ എണ്ണത്തിലുണ്ടായി.

അതേസമയം, ഒമാനില്‍ അടുത്ത വര്‍ഷം മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും ആദായ നികുതി നടപ്പാക്കില്ലെന്നും ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സലീം അല്‍ ഹബ്‍സി പറഞ്ഞു. 2023ലേക്കുള്ള ബജറ്റിൽ ആകെ 1295 കോടി ഒമാനി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ബജറ്റ് കമ്മി 130 കോടി റിയാല്‍ ആയിരിക്കും.

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 11 ശതമാനവും ജിഡിപിയുടെ മൂന്ന് ശതമാനവും വരും പ്രതീക്ഷിത കമ്മി. എന്നാൽ എണ്ണ ഉത്പാദനം ദിവസം ശരാശരി 11.75 ലക്ഷം ബാരലായി ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായാലും ദേശീയ സമ്പദ്ഘടന അഞ്ച് ശതമാനം വളരുമെന്നും വിലയിരുത്തുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക