ജിദ്ദ എസ് ഐ സി വസന്തം കാംപയിന് പ്രൌഡമായ സമാപനം

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ദ്വൈമാസ വസന്തം     കാംപയിന്  പ്രൗഡമായ സമാപനം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജിദ്ദ ഹറാസാത്തിലെ അൽ ഖിമ്മ ഓഡിറ്റോറിയത്തിൽ വെച്ച് ‘സ്നേഹ സംഗമം’ എന്ന പേരിൽ നടന്ന പരിപാടി ചരിത്രമുറങ്ങുന്ന തിരു ഗേഹങ്ങളുടെ കവാട നഗരിയിൽ പ്രവാസി സമസ്ത നേതാക്കളുടെയും പ്രവർത്തകരുടെയും വാർഷിക സ്നേഹ സനഗമമായി. നിരവധി നേതാക്കളും നൂറുക്കണക്കിന് പ്രവർത്തകരും പങ്കെടുത്ത പരിപാടി അച്ചടക്കം കൊണ്ടും സമയ നിഷ്ഠ കൊണ്ടും ഏറെ ശ്രദ്ധേയമായി.

വെള്ളിയാഴ്ച ജുമുഅക്ക് ശേഷം നടന്ന ഉദ്ഘാടന സെഷനിൽ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷനായി. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ വസന്തം 1444 സമാപന സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും ജീവിത വിജയം നേടാൻ പ്രവാചക ചര്യ ജീവിതത്തിൽ മുറുകെപ്പിടിക്കണമെന്നും തങ്ങൾ പറഞ്ഞു. എസ് ഐ സി നടത്തുന്ന വിവിധ ക്ലാസുകളിൽ പങ്കെടുത്ത് അറിവ് വർധിപ്പിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുടുംബ ബന്ധങ്ങൾ തകർക്കപ്പെടുന്നതിനാൽ അവ കുറക്കണമെന്നും വിലപ്പെട്ട സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കുടുംബിനികളെ ഓർമ്മിപ്പിച്ചു.

തുടർന്ന് ‘വഴി തെറ്റുന്ന യുവത’ എന്ന വിഷയം ഹാഫിദ് ഫൈസി അവതരിപ്പിച്ചു. ആരോഗ്യം അല്ലാഹു നൽകിയ വലിയ അനുഗ്രമാണെന്നും ആരോഗ്യത്തെ നശിപ്പിക്കുന്ന എല്ലാ തരം ലഹരി വസ്തുക്കളും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്താണെന്നും യൗവ്വനത്തെ നിർമ്മാണത്മകമായി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും അതിന് അവർക്ക് ആത്മീയ ബോധം നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം ഹിമ്മത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കായി മോട്ടിവേഷൻ പരിപാടി നടന്നു.

ഉത്തരേന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച ഖവാലി സദസ്സ് നന്നായി ആസ്വദിച്ചു. വിവിധ രൂപത്തിൽ അവർ പ്രവാചക അപദാനങ്ങൾ പാടിയപ്പോൾ സദസ്സിന് നവ്യാനുഭവം ആയി.
ശേഷം ‘സമസ്ത ഇന്നലെ ഇന്ന്’ എന്ന വിഷയം എസ് ഐ സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി അവതരിപ്പിച്ചു. മഹിതമായ ആദർശ പ്രസ്ഥാനമാണ് ‘സമസ്ത’ എന്ന് അദ്ദേഹം പറഞ്ഞു. കേരളീയ മുസ്‌ലിംകളുടെ മത – ഭൗതിക വിദ്യാഭ്യാസ പുരോഗതിയിൽ സമസ്ത വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ കേരളീയ മോഡൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘ഹാദിയ’ യുടെ പ്രവർത്തനം ഭാവിയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജിദ്ദ എസ് ഐ സി ചെയർമാൻ നജ്മുദ്ധീൻ ഹുദവി ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും ചിന്തകനുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ ‘മഹബ്ബത്ത് റസൂൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിശ്വാസം പൂർണ്ണമാവാൻ പ്രവാചക സ്നേഹം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചക അധ്യാപനങ്ങൾ മുറുകെപ്പി ടിച്ചു ജീവിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി. പ്രവാചക പ്രകീർത്തനങ്ങൾ പല രൂപത്തിൽ ലോകത്ത് മുഴുവൻ നടത്തപ്പെടുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവാചകൻ മാതൃകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, വർത്തമാന കാലത്ത് പ്രവാചകനെ വിമർശിക്കുക വഴി പലരും പേരും പ്രശസ്തിയും ഒപ്പം വരുമാനവും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പ്രതിഭകളായ എല്ലാ വിഭാഗം നേതാക്കളും പ്രവാചകനെ പുകഴ്ത്തുമ്പോൾ ഒരു കഴിവും പ്രതിഭയും ഇല്ലാത്തവരാണ് പ്രവാചകനെ ഇകഴ്ത്തുകയും വിമർശിക്കുകയും ചെയ്യുന്നതന്നും അദ്ദേഹം വിശദീകരിച്ചു.

പരിപാടിയിൽ വെച്ച് എസ് ഐ സിയും എസ് വൈ എസും ചേർന്ന് പ്രസിദ്ധീകരിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണിക ജിദ്ദ കെഎംസിസി പ്രസിഡന്റ്‌ അഹ്‌മദ്‌ പാളയാട്ടിനു കോപ്പി നൽകി അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ നിർവഹിച്ചു. മാതൃക പ്രവർത്തനങ്ങൾക്ക് അഹ്‌മദ്‌ കുട്ടി കോടൂരിനെയും ബഷീർ ദാരിമിയെയും പരിപാടിയിൽ വെച്ച് ആദരിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അഹ്‌മദ്‌ പാളയാട്ട്, കേരള ഖിസ്സപ്പാട്ട് സംഘം പ്രസിഡന്റ്‌ ബാവ മൗലവി കൈപ്പുറം, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ശിഹാബ് താമരക്കുളം, അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്, നജീം (ലുലു ), ഷൌക്കത്ത് ഷൊർണൂർ, റസാഖ്‌ അണക്കായ്, ഹുസൈൻ കരിങ്കറ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. സയ്യിദ് ഹാഷിം തങ്ങൾ പ്രാർത്ഥന നടത്തി.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, ഉസ്മാൻ എടത്തിൽ, സുബൈർ ഹുദവി, സൽമാൻ ദാരിമി, അൻവർ ഫൈസി, മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, ജബ്ബാർ ഹുദവി, അഷ്‌റഫ്‌ ദാരിമി, മുഹമ്മദ്‌ റഫീഖ് കൂളത്ത്, സുഹൈൽ ഹുദവി, മൊയ്‌ദീൻ കുട്ടി അരിമ്പ്ര, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട്, ജമാൽ പേരാമ്പ്ര, സാലിം അമ്മിനിക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ക്യാമ്പിലുടനീളം വിഖായ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമായിരുന്നു. അലി പാങ്ങാട്ടിന്റെ നേതൃത്വത്തിൽ എസ് ഐ സി ടൂർ വിംഗ് സംഘടിപ്പിച്ച ‘ചായ മക്കാനി’ ഏവരുടെയും ശ്രദ്ധയാകാർഷിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നതിനാൽ നിരവധി പ്രവാസി കുടുംബിനികളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.