ന്യൂഡല്‍ഹി: ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത കൂട്ടാന്‍ കേന്ദ്ര നിര്‍ദേശം നൽകി. ചില രാജ്യങ്ങളില്‍ കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വന്‍സിംഗിനായി ഇന്‍സാകോഗ് (INSACOG) ലാബുകളിലേയ്ക്ക് അയക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പുതിയ വേരിയന്റുകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുന്നതിനായാണ് ഇത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ മന്ത്രാലയവും ഇന്‍സാകോഗും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കേസുകളുടെ പെട്ടെന്നുള്ള വര്‍ധനവ് കണക്കിലെടുത്ത്, പുതിയ വേരിയന്റുകള്‍ കണ്ടെത്തുന്നതിന് പോസിറ്റീവ് കേസുകളുടെ സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
‘ദിവസേനയുള്ള പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നിര്‍ദേശിക്കപ്പെട്ട ഇന്‍സാകോഗ് ജീനോം സീക്വന്‍സിംഗ് ലാബുകളിലേക്ക് അയക്കുന്നത് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇതുവഴി രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങളെ സമയബന്ധിതമായി കണ്ടെത്താനാകുമെന്നും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ നടപ്പിലാക്കാൻ സാധിക്കുമെന്നും രാജേഷ് ഭൂഷണ്‍ കത്തിൽ പറഞ്ഞു.
അതേസമയം, രാജ്യത്തെ കൊവിഡ്-19 സാഹചര്യത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് അവലോകന യോഗം നടത്തി. മറ്റ് രാജ്യങ്ങളിലെ കൊവിഡ് സാഹചര്യത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.
ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സംസ്ഥാനങ്ങള്‍ രോഗം സ്ഥിരീകരിച്ച സാമ്പിളുകള്‍ നിര്‍ബന്ധമായും ജനിതകശ്രേണീകരണത്തിന് അയക്കണമെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങള്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രതിവാര യോഗം ചേരും. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും മതിയായ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും കൊവിഡ് ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ നിതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. അന്താരാഷ്ട്ര വിമാന യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും പോള്‍ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവരിലൂടെ രോഗവ്യാപനം ഉണ്ടാവുന്നത് എങ്ങനെ തടയാം എന്നതുള്‍പ്പെടെ പ്രാഥമികമായി ആറ് പ്രധാന കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ചചെയ്തത്. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍, വരാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പാലിക്കേണ്ട പ്രതിരോധ പ്രോട്ടോക്കോളുകള്‍ എന്നിവയും ചര്‍ച്ച ചെയ്തു.
എന്നാല്‍, കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടയില്‍ ചൈന വീണ്ടും ലോകത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ചില പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പാകിസ്ഥാനാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റാവല്‍പിണ്ടിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ വെച്ച് പാകിസ്ഥാനും ചൈനയും സംയുക്തമായി ജൈവ ആയുധ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കൊവിഡ്-19 വൈറസിനേക്കാള്‍ മാരകമായ പകര്‍ച്ചവ്യാധി ലോകത്തുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ പരീക്ഷണങ്ങള്‍ക്കും വുഹാനുമായി ബന്ധമുണ്ട്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും പാകിസ്ഥാന്‍ ആര്‍മി നടത്തുന്ന ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഓര്‍ഗനൈസേഷനും (ഡിഎസ്ടിഒ) ചേര്‍ന്നാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബയോസേഫ്റ്റി ലെവല്‍ 4’ സൗകര്യം ഉപയോഗപ്പെടുത്തിയാണ് റാവല്‍പിണ്ടിയിലെ ലാബില്‍ ഗവേഷണം നടക്കുന്നതെന്ന് കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക