കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച യോഗം ഇന്ന്

0
1562

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച യോഗം ഇന്ന് രാവിലെ 11.30 ന് നടക്കും. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, ജാഗ്രത തുടരണം എന്നും നിര്‍ദേശമുണ്ട്. ‘ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍, ചൈന എന്നിവിടങ്ങളിലെ കൊവിഡിന്റെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് മുഴുവന്‍ ജീനോം സീക്വന്‍സിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന്” ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇതുവഴി വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഏറ്റെടുക്കാനും സഹായിക്കുമെന്നും ഭൂഷണ്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഓരോ ആഴ്ചയും 35 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് രാവിലെ 112 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകള്‍ 3,490 ആയി കുറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം, അല്ലെങ്കില്‍ INSACOG, കൊവിഡ് 19 വൈറസിലെ ജീനോമിക് വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള 50 ലധികം ലബോറട്ടറികളുടെ ഒരു കൂട്ടായ്മയാണ്. പുതിയ വൈറസ് വകഭേദങ്ങളുടെ സവിശേഷതകള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും ഉപയോഗിക്കുന്ന സംവിധാനമാണ് ജീനോം സീക്വന്‍സിങ്. എല്ലാ പോസിറ്റിവ് കേസുകളുടെയും സാമ്പിള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും INSACOG ജീനോം സീക്വന്‍സിംഗ് ലാബുകളിലേക്ക് എല്ലാ ദിവസവും അയക്കണമെന്ന് കേന്ദ്രം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക