ദോഹ: ഏറ്റവും പുതിയ റാങ്കിംഗ് പുറത്ത് വിട്ട് ഫിഫ. അര്‍ജന്റീന ലോക ചാമ്പ്യന്മാരായെങ്കിലും റാങ്കില്‍ ഒന്നാം സ്ഥാനത്ത് ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ തുടരുകയാണ്. അതെസമയം അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്.
ലോകകപ്പ് ഫൈനലിലെത്തിയ ഫ്രാന്‍സ് ഒരു സ്ഥാനം മുന്നേറി മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നപ്പോള്‍ ബെല്‍ജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലേക്ക് കൂപ്പുകുത്തി. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ് രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ആറാം സ്ഥാനത്താണ്.
ക്രൊയേഷ്യ റാങ്കിംഗില്‍ സ്വപ്‌ന കുതിപ്പ് നടത്തിയിരിക്കുകയാണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന അവര്‍ അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ലോകകപ്പ് യോഗ്യതയില്ലാതെ പുറത്തിരുന്ന ഇറ്റലി രണ്ട് സ്ഥാനം പിന്നോട്ടടിച്ച് എട്ടിലുണ്ട്. ലോകകപ്പ് കളിക്കാതെ ആദ്യ പത്തിലെത്തിയ ടീമായി ഇറ്റലി തുടരുകയാണ്. പോര്‍ച്ചുഗല്‍ ഒന്‍പതില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ സ്പെയിന്‍ മൂന്നടി പിന്നോട്ട് വീണ് പത്തിലെത്തി.
ഖത്തര്‍ ലോകകപ്പിലെ അത്ഭുതസംഘമായ മൊറോക്കോയും വന്‍ കുതിപ്പുണ്ടാക്കി. ലോകകപ്പില്‍ നാലാമന്മാരായി നാട്ടിലേക്ക് മടങ്ങിയ ആഫ്രിക്കന്‍ പട 11 സ്ഥാനം മെച്ചപ്പെടുത്തി 11ലേക്കാണ് കുതിച്ചത്. ബ്രസീലിനെ അട്ടിമറിച്ച കാമറൂണ്‍ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനവും സ്വന്തമാക്കി.