സഊദിയിൽ “പ്രൊഫഷണൽ ഇഖാമ” സംവിധാനം കൊണ്ടു വരാൻ നീക്കം

0
7674

റിയാദ്: തൊഴിൽ വിപണിക്ക് ആവശ്യമായ പ്രത്യേക തൊഴിലുകൾക്കായി “പ്രൊഫഷണൽ ഇഖാമ” നടപ്പിലാക്കാനുള്ള സംവിധാനത്തിൽ സഊദി പഠനം നടത്തുന്നു. പ്രത്യേകം ആവശ്യമുള്ള തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് അഞ്ചു സർക്കാർ ഏജൻസികളാണ് പഠനവുമായി മുന്നോട്ട് പോകുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിനാമി ബിസിനസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രൊഫഷണൽ ഇഖാമ സംവിധാനത്തെക്കുറിച്ച് അധികൃതർ നീക്കം തുടങ്ങിയത്. വിപണിക്കാവശ്യമായ തൊഴിലാളികളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേക തൊഴിലുകൾക്കായി “പ്രൊഫഷണൽ ഇഖാമ” ലഭ്യമാക്കാനുള്ള സംവിധാനത്തെ കുറിച്ചുള്ള പഠനത്തിൽ ഇഖാമ ലഭിക്കാനുള്ള വ്യവസ്ഥകളും ആവശ്യകതകളും നിർണ്ണയിക്കുന്നതും താമസത്തിനുള്ള സമയപരിധികളും അതിന്റെ ഫീസും ഉൾപ്പെടുന്നുണ്ട്.

ഇതിനെല്ലാം ആവശ്യമായ കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു സംവിധാനം സജ്ജീകരിക്കുന്നതും പഠനത്തിന്റെ ഭാഗമാണ്. ഇഖാമകൾ നൽകുന്നതിനായി ദേശീയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം, ദേശീയ കമ്പനി അല്ലെങ്കിൽ സീസണൽ തൊഴിൽ നൽകുന്നതിൽ സ്പെഷ്യലൈസ് ചെയ്ത കമ്പനികൾ എന്നിവ സ്ഥാപിച്ചോ ആയിരിക്കും ഇത് നടപ്പാക്കുകയെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങൾ ഏകോപിപ്പിച്ച് കൊണ്ടാണ്‌ പഠനത്തെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തുക.

90 ദിവസം കൊണ്ട് റിപ്പോർട്ട് നൽകാനാണു നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മാനവവിഭവശേഷി, സാമൂഹിക വികസനം, പരിസ്ഥിതി, ജലം, കൃഷി, വ്യാപാരം തുടങ്ങിയ മന്ത്രാലയങ്ങളും പഠനത്തിൽ ഉൾപ്പെടുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക