സെമിയിലേക്ക് മൊറോക്കാൻ മാർച്ച്‌: പോര്‍ച്ചുഗലിന് മടക്കം

0
3129

ദോഹ: ഒടുവില്‍ മൊറോക്കോയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മറുപടിയില്ലാതെ പോര്‍ച്ചുഗലും വീണു. എതിരില്ലാത്ത ഒരു ഗോളിന് റൊണാള്‍ഡോയേയും സംഘത്തിനെയും മറികടന്ന് മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടവും സ്വന്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. യഹ്യ അറ്റിയാറ്റ് നല്‍കിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെയും കാനഡയേയും മറികടന്ന് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെയും തകര്‍ത്തുവിട്ട മൊറോക്കോ ഒടുവില്‍ പോര്‍ച്ചുഗീസ് വീര്യത്തെയും തകര്‍ത്ത് സെമിയിലേക്ക്.

ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവുമാണ് അവരെ സെമിയിലെത്തിച്ചത്. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും പോര്‍ച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മൊറോക്കോയ്ക്കായി.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഹെഡര്‍ പക്ഷേ മൊറോക്കന്‍ ഗോളി യാസ്സിന്‍ ബോനോ അവിശ്വസനീയമായി തട്ടിയകറ്റി. പിന്നാലെ ഏഴാം മിനിറ്റില്‍ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോര്‍ണറില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള അവസരം യൂസഫ് എന്‍ നെസിരി നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നാലെ 26-ാം മിനിറ്റിലും എന്‍ നെസിരി മികച്ചൊരു അവസരം നഷ്ടപ്പെടുത്തി. ഇത്തവണ സിയെച്ചിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള നെസിരിയുടെ ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പോകുകയായിരുന്നു. 31-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ഒരു ഹാഫ് വോളി ജവാദ് എല്‍ യാമിക് തടഞ്ഞു. ഒടുവില്‍ 42-ാം മിനിറ്റില്‍ നേരത്തെ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായശ്ചിത്തമെന്ന പോലെ യഹ്യയുടെ ക്രോസ് പോര്‍ച്ചുഗല്‍ ബോക്‌സില്‍ ഉയര്‍ന്നുചാടി നെസിരി വലയിലെത്തിക്കുകയായിരുന്നു.

45-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും ചെയ്തത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എല്‍ യാമിക് കണക്ട് ചെയ്‌തെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടല്‍ രക്ഷയായി.

തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട എന്നിവരെ കളത്തിലിറക്കിയിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല. 83-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് ജോവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഒരു ബുള്ളറ്റ് ഷോട്ട് ബോനോ തട്ടിയകറ്റി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ഷോട്ടും ബോനോ രക്ഷപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക