2.2 ദശലക്ഷത്തിലധികം പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നു; മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

0
764

റിയാദ്: 2.2 ദശലക്ഷത്തിലധികം പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും
ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണെന്നും
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
സഊദി അറേബ്യയുടെ സാമ്പത്തിക പരിവർത്തന പരിപാടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ജിഡിപി വളർച്ച പ്രതിഫലിക്കുന്നുവെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ഇത് പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 2022 രണ്ടാം പാദത്തിൽ 9.7 ശതമാനമായി കുറയാൻ കാരണമായി. ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

സഊദിയിലെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനത്തിൽ നിന്ന് 35.6 ശതമാനമായി ഉയർന്നതായും അദ്ദേഹം സൂചിപ്പിച്ചു.

സഊദി അറേബ്യ യഥാർത്ഥ ജിഡിപിയിൽ ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 5.8 ശതമാനത്തിലെത്തി. അത് നിരവധി സാമ്പത്തിക പ്രവർത്തനങ്ങളുടെയും വിവിധ എണ്ണ ഇതര മേഖലകളുടെയും വളർച്ചയിൽ ഗണ്യമായി പ്രതിഫലിച്ചു.

2022ന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ യഥാർത്ഥ ജിഡിപി വളർച്ചയിൽ രാജ്യം 10.2 ശതമാനം ഉയർന്ന നിരക്കും കൈവരിച്ചു. 2022 അവസാനത്തോടെ ജിഡിപി വളർച്ച 8.5 ശതമാനത്തിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബജറ്റിൽ കൈവരിച്ച മിച്ചം സർക്കാർ  കരുതൽ ശേഖരം ശക്തിപ്പെടുത്തുന്നതിനും ദേശീയ ഫണ്ടുകളെ പിന്തുണയ്ക്കുന്നതിനും സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും നിർദേശിക്കുമെന്ന് കിരീടാവകാശി പ്രസ്താവിച്ചു.

സാമ്പത്തിക പരിവർത്തനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നില നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന തന്ത്രപരമായ ചെലവുകളെയും നിക്ഷേപ സംരംഭങ്ങളെയും 2023 ബജറ്റ് പിന്തുണയ്ക്കുന്നു. 

മുൻ‌ഗണനയുള്ള ചില തന്ത്രപരമായ പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് സർക്കാർ ഇപ്പോൾ ആരായുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.