റിയാദ്: മൂല്യവർധിത നികുതിയിലോ (വാറ്റ്) പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലോ നിലവിൽ മാറ്റമില്ലെന്ന് സഊദി അറേബ്യൻ ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ വെളിപ്പെടുത്തി. ഇന്നലെ അവതരിപ്പിച്ച സഊദി ബജറ്റിന് പിന്നാലെ അൽ-അറബിയ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സഊദി അറേബ്യയുടെ ബജറ്റിൽ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ടെന്നും 2022-ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കൂ എന്നും അൽ ജദ്ആൻ പ്രസ്താവിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“ഈ വർഷത്തെ മിച്ചത്തിന്റെ ഒരു വിഹിതവും പൊതുകടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്, അതേസമയം സഊദി കേന്ദ്ര ബാൻ സാമയുടെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ വർദ്ധിച്ചുവെന്നും ”അദ്ദേഹം പറഞ്ഞു.
“2022-ൽ സഊദി അറേബ്യ ഏകദേശം 30 ബില്യൺ റിയാൽ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചു. 2023-ലും 2024-ലും വലിയ പദ്ധതികൾക്കായി സമാനമായ തുക ചെലവഴിക്കുന്നത് തുടരും.
സ്വകാര്യമേഖലയുടെ നികുതിഭാരം 16.8 ശതമാനമാണെന്നും ഇത് ആഗോളതലത്തിൽ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെന്നും ആനുകാലികമായി പഠിക്കുന്നുണ്ടെങ്കിലും നിലവിൽ ഇത് പുനഃപരിശോധിക്കാൻ നിർദേശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സഊദി പൊതുകടത്തിന്റെ അനുപാതം G20 രാജ്യങ്ങളിലെ ശരാശരിയേക്കാൾ വളരെ കുറവാണ് അൽ ജദ്ആൻ പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസമാണ് സഊദി അറേബ്യ അടുത്ത വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നൽകിയത്. 102 ബില്യൺ റിയാൽ ബജറ്റ് മൈച്ചാം നേടിയതായാണ് കണക്കുകൾ. 2013 നു ശേഷം ആദ്യമായാണ് സഊദി അറേബ്യ ബജറ്റിൽ മിച്ചം നേടുന്നത്.