ജിദ്ദ: ഒ ഐ സി സി മക്ക സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “വർണ്ണ വിസ്മയം” മെഗാ ഫെസ്റ്റ് – 2022 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 10 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മക്ക ഹുസൈനിയയിലുള്ള ഖസർ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തപ്പെടുക എന്നും ഭാരവാഹികൾ പറഞ്ഞു.
മെഗാ ഫെസ്റ്റ് പരിപാടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള സദസ്സും ഉണ്ടായിരിക്കും. വൈകിട്ട് 7 മണി മുതൽ പട്ടുറുമാൽ ഫെയിം ഷെജീറും ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ആശാ ഷിജുവും നയിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടാവും. കൂടാതെ മക്കയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വർണ്ണ ശബളമായ കലാ പരിപാടികളും ഉണ്ടാവുമെന്നും ഭാരവാഹികൾ വിശദീകരിച്ചു.
പരിപാടിയിൽ ഇപ്പോൾ സഊദിയിൽ സന്ദർശനം നടത്തുന്ന ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരൻ പിള്ള പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഹജ്ജ് വേളയിൽ ഒ ഐ സി സി ഹജ്ജ് വളന്റിയർമാർ ഹാജിമാർക്ക് മികച്ച സേവനം ചെയ്തിരുന്നതയും ഭാരവാഹികൾ പറഞ്ഞു.
മക്ക ഒഐസിസി എക്സലൻസ് അവാർഡുകൾക്ക് അർഹരായവർ: പൊതുപ്രവർത്തന – ജീവകാരുണ്യം: അബ്ദുൽ മുഹയ്മീൻ (കുഞ്ഞുമോൻ കാക്കിയ), ആതുരസേവനം: ഡോ. അഹമ്മദ് ആലുങ്ങൽ, ബിസിനസ്സ്: എ. സി മൻസൂർ, മാധ്യമ രംഗം: പി. എം. മായിൻ കുട്ടി
പ്രവാസികൾക്കിടയിൽ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വീശിഷ്ട വ്യക്തികൾക്ക് മക്ക ഒ ഐ സി സി വക എക്സലൻസ് അവാർഡുകൾ പരിപാടിയിൽ വെച്ച് സമ്മാനിക്കുമെന്നും അവർ പറഞ്ഞു.
ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ മക്ക ഒ ഐ സി സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ജനറൽ സെക്രട്ടറി ഷാജി ചുനക്കര, വൈസ് പ്രസിഡന്റ് സാക്കിർ കൊടുവള്ളി, ട്രഷറർ റഷീദ് ബിൻസാഗർ, പ്രോഗ്രാം കോഡിനേറ്റർ ജിബിൻ സമദ് കൊച്ചി എന്നിവർ പങ്കെടുത്തു.