ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ ഹാട്രിക്ക് 21 കാരനായ റാമോസ് നേടി. ആറു ഗോൾക്ക് പോർച്ചുഗൽ വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു. നായകൻ പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി.
ഖത്തറിൽ നടക്കുന്ന ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് 21 കാരനായ റാമോസ് നേടിയിരിക്കുന്നത്. ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ആദ്യ ഗോളടിച്ചത്. ഫെലിക്സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു. 51ാം മിനുട്ടിൽ ഡാലോട്ടിന്റെ പാസിലായിരുന്നു രണ്ടാം ഗോൾ. 67ാം മിനുട്ടിൽ റാമോസ് തന്റെ മൂന്നാം ഗോളടിച്ചു. റാഫേൽ 55ാം മിനുട്ടിലാണ് ഗോളടിച്ചത്. മത്സരത്തിലുടനീളം തിളങ്ങിയ ഗോൺസാലോ റാമോസായിരുന്നു അസിസ്റ്റ്. 32ാം മിനുട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായി പെപേ മാറി. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം.
സ്വിറ്റ്‌സർലൻഡിനായി അകുഞ്ചി ഗോൾ നേടിയത് 58ാം മിനുട്ടിലായിരുന്നു. 92ാം മിനുട്ടിൽ ഗ്വരീറോയായുടെ അസിസ്റ്റിലായിരുന്നു ലിയോയുടെ ഗോൾ.
73ാം മിനുട്ടിൽ ജാവോ ഫെലിക്സിനെ പിൻവലിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയെയിറക്കി. റാമോസിനെയും ഒട്ടാവിയയെയും പിൻവലിച്ച് റിക്കാർഡോ ഹോർതയെയും വിതിൻഹയെയും ഇറക്കി. 43ാം മിനുട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്. പിന്നീട് റൊണാൾഡോ ഒരുവട്ടം സ്വിസ് വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കൊടിയുയർന്നു.
ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. പെനൽറ്റി ഷൂട്ടൗട്ടിൽ കരുത്തരായ സ്പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിൽ കടന്നത്.




