സഊദി കെഎംസിസി കാരുണ്യ സംഗമം നാളെ (ബുധൻ) മലപ്പുറത്ത്

0
1529

റിയാദ്: സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ കാരുണ്യ സംഗമം മലപ്പുറത്ത് സംസ്ഥാന മുസ്‌ലിം പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മലപ്പുറം കുന്നുമ്മല്‍ സെന്റ്‌ ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ഇക്കൊല്ലത്തെ സഊദി കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പതോളം പേരുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറ്റി അമ്പതോളം അംഗങ്ങള്‍ക്കുമായി മൂന്ന് കോടി രൂപയുടെ ആനുകൂല്യങ്ങൾ തങ്ങൾ വിതരണം ചെയ്യും. കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ കെ പി മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ എഞ്ചി. സി ഹാഷിം സ്മാരക കര്‍മ്മ പുരസ്ക്കാരം ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിക്ക് തങ്ങൾ സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്ക്കാരം. സഊദി കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി മെഡിക്കല്‍ അഡ്വൈസറായി നീണ്ട പത്ത് വര്‍ഷക്കാലം സേവനം അര്‍പ്പിച്ച പ്രശസ്ത സര്‍ജന്‍ ഡോ: അബ്ദുറഹിമാന്‍ അമ്പാടിക്കുള്ള ആദരവും നാഷണല്‍ കമ്മറ്റി പഴയ സുരക്ഷാ പദ്ധതി അംഗങ്ങള്‍ക്കായി അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ മാതൃകയിലുള്ള മാസാന്ത കാരുണ്യ സാന്ത്വന പദ്ധതിയായ ‘ഹദിയത്തുറഹ്മ’’യുടെ പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടക്കും.

മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഡ്വ. പി.എം.എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന്‍ കല്ലായി, ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ.എൻ എ ഖാദർ, സി.പി സൈതലവി, നൗഷാദ് മണ്ണിശ്ശേരി, കെ.പി മുഹമ്മദ്‌ കുട്ടി, ശരീഫ് കുറ്റൂര്‍, പി.എം സമീര്‍ തുടങ്ങിയവരും സഊദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ഇബ്രാഹീം മുഹമ്മദ്‌, ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, പദ്ധതി കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ തുടങ്ങി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളും വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളും കെഎംസിസി പ്രവർത്തകരും പങ്കെടുക്കുമെന്ന് നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ വേങ്ങാട്ട്, സുരക്ഷ പദ്ധതി സമിതി ചെയർമാൻ സയ്യിദ് അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് എന്നിവർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക