ദോഹ: ഖത്തർ ലോകകപ്പ് ഗാലറിയിൽ നിറസാന്നിദ്ധ്യമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ഗാലറിയിൽ അമീർ എത്തുന്നത് കാണികൾക്കും ആവേശം പകരുന്നുണ്ട്.
കൂടാതെ പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും, ഷെയ്ഖ മോസ ബിൻത് നാസറും ഉൾപ്പെടെയുള്ള രാജ കുടുംബാംഗങ്ങളും ഗാലറികളിൽ സജീവമാണ്.
സഊദി അറേബ്യ, മൊറോക്കോ ടീമുകൾക്ക് പിന്തുണ നൽകാൻ അമീർ എത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
ലുസെയ്ൽ സ്‌റ്റേഡിയത്തിൽ സഊദി അറേബ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിനിടെ ഗാലറിയിൽ നിന്ന് സഊദിയുടെ പതാക ഉയർത്തി കാണിച്ച ശേഷം കഴുത്തിലണിഞ്ഞാണ് അദ്ദേഹം പിന്തുണ പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം മൊറോക്കോ ടീമിന് പ്രോത്സാഹനം നൽകാൻ മൊറോക്കോയുടെ പതാകയുമായും അമീർ ഗാലറിയിൽ എത്തിയിരുന്നു.




