കുവൈത്ത് സിറ്റി: കുവൈത്തില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് പേരും കുവൈത്ത് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി പ്രവാസിയെ തട്ടിക്കൊണ്ടു പോവുകയും പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രവാസിയുടെ അടുത്തെത്തിയ സംഘം അറസ്റ്റ് ചെയ്‍ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചായിരുന്നു മോഷണവും ഭീഷണിപ്പെടുത്തലും.
പ്രവാസിയെ തട്ടിക്കൊണ്ടു പോയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പ്രവാസിയെ കബളിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ കുവൈത്ത് പരമോന്നത കോടതി കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
അതേസമയം, നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ പരിശോധന ശക്തമായി തുടരുകയാണ്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയില്‍ സാല്‍മി സ്ക്രാപ് യാര്‍ഡില്‍ നിന്നും 59 താമസനിയമലംഘകരെ പിടികൂടി. തൊഴിൽ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.
താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക