ദേശീയ ദിനം: ഗതാഗത നിയമലംഘനങ്ങൾക്ക് ഷാർജ പോലീസ് ഇളവ് പ്രഖ്യാപിച്ചു

0
690

ഷാർജ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് ഷാർജ പൊലീസ് ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനു മുൻപുള്ള പിഴകൾക്ക് ഇളവ് ലഭിക്കും. 50%മാണ് ഇളവ് ലഭിക്കുക.

കുറ്റകൃത്യങ്ങൾക്കു ലഭിച്ച ബ്ലാക് പോയിന്റും നീക്കും. ചില കേസുകളിൽ പിടിച്ചെടുത്ത വാഹനവും വിട്ടുനൽകും. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇളവുണ്ടാകില്ല.

പിഴ അടയ്ക്കാൻ 2023 ജനുവരി 20 വരെ (51 ദിവസം) സാവകാശമുണ്ടെന്ന് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അൽ നഖ്ബി പറഞ്ഞു.

ഷാർജ പൊലീസ് വെബ്സൈറ്റ്, ആഭ്യന്തര മന്ത്രാലയം ആപ്, ഷോപ്പിങ് മാളുകളിൽ സ്ഥാപിച്ച സഹൽ പെയ്ന്റ് കിയോസ്ക് എന്നിവ വഴിയും പിഴ അടയ്ക്കാം. നേരത്തെ അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളും സമാന ഇളവ് പ്രഖ്യാപിച്ചിരുന്നു.