ഹുറൂബിലകപ്പെട്ട് ദുരിതത്തിലായ വയനാട് സ്വദേശി സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിൽ നാടണഞ്ഞു

0
980

അൽ ജുബൈൽ: ഹുറൂബിലകപ്പെട്ട് ദുരിതത്തിലായ വയനാട് സ്വദേശി സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒടുവിൽ നാടണഞ്ഞു. മൂന്ന് വർഷമായി ഹൗസ് ഡ്രൈവറായി റിയാദിൽ ജോലി ചെയ്തു വന്നിരുന്ന വയനാട്ടിൽ കൽപറ്റ സ്വദേശിയാണ് ഏറെ നാളത്തെ ദുരനുഭവത്തിനൊടുവിൽ സഊദിയിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി ചെയ്തു വരുന്നതിനിടെ ശമ്പളം നൽകുന്നതിൽ പലപ്പോഴായി സ്പോൺസർ വീഴ്ച വരുത്തുകയും കുടിശ്ശികയായപ്പോൾ ലേബർ ഓഫീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ തുടർ അന്വേഷണമോ മറ്റു നടപടികൾ ചെയ്യാനായി സഹായത്തിനായി ആരെയും കണ്ടെത്താൻ കഴിയാതെയും വന്നതോടെ കേസ് പാതിവഴിയിൽ ഒഴിവാക്കേണ്ടി വന്നപ്പോൾ സ്പോൺസർ ഹുറൂബിലാക്കി.

തൊഴിലും ശമ്പളവുമില്ലാതെ ഒമ്പത് മാസത്തോളം റിയാദിൽ കഴിഞ്ഞുകൂടവേ ആരുടെയോ സഹായത്താൽ ജുബൈലിലെ ഇന്ത്യൻ എംബസിയുടെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ സഊദി പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ നമ്പർ ലഭിച്ചതോടെയാണ് വഴി തെളിഞ്ഞത്. സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായി വാട്സാപ്പിൽ വിവരം വോയ്സ് സന്ദേശമായി അയച്ചാണ് വിഷയം അവതരിപ്പിച്ചത്. ആത്മഹത്യ ചെയ്യാൻ ഭയം തോന്നുന്നുവെന്നും മാതാപിതാക്കളെ കാണേണ്ടിയിരുന്നു എന്നതുൾപ്പെടെയുള്ള അസാധാരണ സന്ദേശം മനസിനെ ഏറെ പിടിച്ചുലച്ചതായി സൈഫുദ്ധീൻ പൊറ്റശേരി മലയാളംപ്രസ്സ്പ ഓൺലൈനിനോട് വെളിപ്പെടുത്തി.

ഉടനെ തന്നെ എംബസി ഉദ്യോഗസ്ഥൻ ആശിഖിനെ വിവരമറിയിക്കുകയും ആവശ്യമായ രേഖകളോടെ റിയാദിലെ വെൽഫെയർ പാർട്ടി പ്രവർത്തകരായ ബഷീർ പാണക്കാട്, നിഅമത്ത് കൊണ്ടോട്ടി, അയ്യൂബ് വഹാബ് തങ്ങൾ എന്നിവരുടെ സഹായത്താൽ നേരിട്ട് ഇന്ത്യൻ എംബസിയിലെത്തിച്ച് അപേക്ഷ നൽകി.

ഇതേ തുടർന്ന് ഇരുപത് ദിവസത്തിനകം ഫൈനൽ ഏക്സിറ്റ് ലഭിക്കുകയും പ്രവാസി വെൽഫെയർ പാർട്ടി പ്രവർത്തകരുടെ സഹായത്താൽ ലഭിച്ച സൗജന്യ ടിക്കറ്റിൽ വ്യാഴാഴ്ച രാത്രിയിലെ റിയാദ് കോഴിക്കോട് ഫ്ലൈറ്റിൽ ഹൃദയം നിറഞ്ഞ നന്ദിയറിയിച്ച് സസന്തോഷം നാടണയുകയുമായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക