ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ലോക ജനതയുടെ ശ്രദ്ധപിടിച്ചു പറ്റിയ ഗാനിം അല്‍ മുഫ്തയെ സന്ദര്‍ശിച്ച് ആസിം വെളിമണ്ണ

0
1966

ദോഹ: ഖത്തറി പൗരൻ ഗാനിം അല്‍ മുഫ്തയെ സന്ദര്‍ശിച്ച് ആസിം വെളിമണ്ണ. ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ലോക ജനതയുടെ ശ്രദ്ധപിടിച്ചു പറ്റിയ ആളായിരുന്നു ഗാനിം അല്‍ മുഫ്ത.

കോഴിക്കോട് കൊടുവള്ളി വെളിമണ്ണ സ്വദേശിയായ ആസിമും വെല്ലുവിളികളെ സുധീരം നേരിട്ട് മുന്നേറുന്ന വിദ്യാര്‍ഥിയാണ്. നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ആസിം. ക്ഷണപ്രകാരമാണ് ഗാനിമിനെ കാണാന്‍ എത്തിയതെന്ന് ആസിം സമൂഹ മാധ്യമത്തിൽ കുറിച്ചു.
ലോകകപ്പ് അംബാസഡര്‍മാരില്‍ ഒരാളായ ഗാനിം അല്‍ മുഫ്ത ഖത്തറിലെ പ്രശസ്ത യുട്യൂബറും സംരംഭകനും മോട്ടിവേഷന്‍ സ്പീക്കറുമാണ്.

ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ഉദ്ഘാടന വേദിയിൽ തിളങ്ങിയ ഗാനിം അൽ മുഫ്തയുടെ ജീവിതവുമായി ഏറെ സാമ്യമുണ്ട് വെളിമണ്ണ മുഹമ്മദ് സഈദിന്റെ മകൻ മുഹമ്മദ് ആസിമിനും. മുഹമ്മദ് ആസിമിനും ജന്മനാ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവും ഇല്ല.

ഇരുകാലുകൾക്കും നീളവും വണ്ണവും വ്യത്യാസമുണ്ട്. നിവർന്നു നിൽക്കാനുള്ള ബുദ്ധിമുട്ട് വേറെയും. എന്നിട്ടും ഒരിക്കൽ ആസിം പെരിയാർ നീന്തിക്കടന്നു. ഗാനിം അൽ മുഫ്തയും പ്രതിബന്ധങ്ങളെ നീന്തിക്കടന്നാണ് ലോകകപ്പ് വേദിയിൽ എത്തിയത്. ഖത്തർ സന്ദർശനത്തിന് എത്തിയ മുഹമ്മദ് ആസിമും ഗാനിം അൽ മുഫ്തയും ഏറെനേരം സംസാരിച്ചു. 
 ഖത്തറിൽ സന്ദർശനത്തിനെത്തിയ മുഹമ്മദ് ആസിമിനെ അവിചാരിതമായാണ് ഗാനിമിനെ സന്ദർശിക്കാനുള്ള അവസരം ഒത്തുവന്നത്.