പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ

തോറ്റാല്‍ ലോകകപ്പിന് പുറത്ത്; അര്‍ജൻ്റീന ജീവന്‍മരണ പോരാട്ടത്തിൽ

0
1079

ദോഹ: ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു.

ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് 3 ഗോളുകൾ പിറന്നത്. 61 ആം മിനിറ്റിൽ എംബാപ്പേയിലൂടെ ഫ്രാൻസ് മുന്നിൽ എത്തി. മുന്നേറ്റത്തിനൊടുവില്‍ ഇടത് വിങ്ങില്‍ നിന്ന് ഒളിവര്‍ ജിറൂഡ് നല്‍കിയ പാസ് സ്വീകരിച്ച എംബാപ്പേയ്ക്ക് പിഴച്ചില്ല. കാസ്പര്‍ ഷ്‌മൈക്കേലിനേയും മറികടന്ന് വലയിൽ. 68 ആം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെ ഡെൻമാർക്ക്‌ തിരിച്ചടിച്ചു.

കോർണറിൽനിന്ന് ലഭിച്ച പന്ത് കിടിലൻ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്. പിന്നാലെ ഇരു ടീമുകളും ലീഡിനായി ആക്രമിച്ചു കളിച്ചു. 72-ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന് മുന്നിലെത്താനുള്ള അവസരം കിട്ടിയെങ്കിലും മികച്ച സേവുമായി ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രക്ഷകനായി. എന്നാല്‍ 85-ാം മിനിറ്റില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്ക് പ്രതിരോധം ഒരിക്കല്‍ കൂടി ഭേദിച്ചു. എംബാപ്പേയാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. വലതുവിങ്ങിൽനിന്ന് ഗ്രീസ്മാൻ ഉയർത്തിനൽകിയ പന്ത് എംബാപ്പെ വലയിലാക്കി. ജയത്തോടെ ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ചു.

അതേസമയം, അർജന്റീന – മേക്സിക്കോ കളി പുരോഗമിക്കുകയാണ്. കണക്കുകൂട്ടിയും കിഴിച്ചും രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ അർജന്റീന ടീമിനുവേണ്ടത് ജയം മാത്രമാണ്. ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും അര്‍ജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തില്‍ സഊദിയില്‍നിന്നേറ്റ തോല്‍വി ടീമിന് അത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മെക്‌സിക്കോക്ക് പുറമേ പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്. മെക്‌സിക്കോക്കെതിരേ ജയിച്ചാല്‍ ടീമിന്റെ നോക്കൗട്ട് സാധ്യത നിലനില്‍ക്കും. തോല്‍വിയോ സമനിലയോ ആണെങ്കില്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകള്‍.