പ്രവാസി വെൽഫയർ ഷറഫിയ്യ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ജിദ്ദ: അടുത്ത മാസം മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ശറഫിയ മേഖല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ഇമാം ബുഖാരി ഇന്സ്ടിട്യൂട്ടിൽ ‘മുന്നൊരുക്കം’ എന്ന പേരിൽ നടന്ന കൺവെൻഷൻ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മറ്റി ജനറൽ സെക്രട്ടറി എം. പി അഷ്‌റഫ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.   ജനനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വെൽഫെയർ പാർട്ടിക്ക് കേരളത്തിൽ ജനസമ്മതി ഉയർന്നു വരുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളിൽ വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേർണിറ്റിക്ക് സ്വീകാര്യത വർധിച്ചുവരുന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ക്യാമ്പസ് തെരഞ്ഞെടുപ്പുകളിൽ ഫ്രറ്റേർണിറ്റി നേടിയ ഉജ്ജ്വല വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ശറഫിയ മേഖല പ്രസിഡന്റ് എം.വി അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു.

വെസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമ രാഷ്ട്രമാണ് വെൽഫെയർ പാർട്ടിയുടെ ലക്ഷ്യമെന്നും സാമൂഹ്യ നീതിയെക്കുറിച്ച രാഷ്ട്രീയമാണ് പാർട്ടി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ ജനങ്ങളെ സേവിക്കേണ്ട മന്ത്രിമാർ രാജ്യത്തിന്റെ പൊതു മുതലുകൾ ഓരോന്നായി വിറ്റഴിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തേണ്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ഭരിക്കുന്നു. ഇത്തരം കാര്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാജ്യത്താകെ ഫാസിസ്റ്റുകൾ മതവും ജാതിയും പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അഹമ്മദലി, എൻ. കെ അഷ്‌റഫ് എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് കൊണ്ടോത്ത്‌ സ്വാഗതവും മുഹമ്മദലി ഓവുങ്ങൽ നന്ദിയും പറഞ്ഞു.