ദുരന്ത ഭൂമിപോലെ ജിദ്ദയിലെ രംഗങ്ങൾ; ചെളിയിൽ കുമിഞ്ഞ് കൂടി കാറുകൾ – വീഡിയോ

0
5561

ജിദ്ദ: വെള്ളക്കെട്ടുകൾ ഇറങ്ങിയ ശേഷം ജിദ്ദ നഗരി ദുരന്ത ഭൂമി പോലെ. ഏവരുടെയും ഉള്ളുലക്കുന്ന ചിത്രങ്ങളാണ് ഇവിടെ നിന്നും പുറത്ത് വരുന്നത്. ആഡംബര കാറുകൾ ഉൾപ്പെടെ നൂറുകണക്കിന് കാറുകളും വാഹനങ്ങളുമാണ് വെള്ളത്തിലും ചെളിയിലും പൂണ്ട് ഉപയോഗശൂന്യമായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെളിയിൽ പൂണ്ട വാഹനങ്ങൾ പുറത്തെടുത്തു തുടങ്ങിയിട്ടുണ്ട്. ജിദ്ദയിൽ ഇന്നലെ പെയ്ത മഴയുടെ അളവ് 179.6 മില്ലീമീറ്ററിലെത്തിയതായാണ് നിരീക്ഷണ സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്. 2009 നവംബറിൽ ഇത് 74 മില്ലീമീറ്ററായിരുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ ജിദ്ദ ഗവർണറേറ്റ് ദുരന്തത്തിന് സാക്ഷ്യം വഹിച്ച പ്രദേശങ്ങളുടെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ ഏറ്റവും പ്രമുഖമായ ജിദ്ദയുടെ തെക്ക് അൽ അജാവീദ് പരിസരത്തെ നാശനഷ്ടങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്.

അൽ-അജവീദ് പരിസരത്ത് മഴവെള്ളത്തിന്റെ ഫലമായി ചെളിയിൽ പൂണ്ട കാറുകൾ പൊക്കിയെടുത്ത് കൂട്ടിയിട്ടിരിക്കുന്ന ചിത്രം തന്നെ ദുരന്തത്തിന്റെ വ്യാപ്തി കാട്ടിത്തരുന്നതാണ്. 2009-ൽ ജിദ്ദയിൽ ഉണ്ടായ പേമാരി അപകടത്തിൽ പെട്ട് കാറുകൾ ഒഴുകി ഖുവൈസ ഭാഗത്ത് അടിഞ്ഞു കൂടിയ സംഭവം ജിദ്ദ നിവാസികളുടെ ഓർമയിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. ഇതിന് സമാനമാണ് കഴിഞ്ഞ ദിവസത്തെ മഴ ഉണ്ടാക്കിവെച്ച ദുരന്തം.

ഇന്നലെ പെയ്ത പേമാരി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ അൽ-അജവീദ് പരിസരത്തെയാണ് വ്യക്തമായി ബാധിച്ചത് . നിരവധി കാറുകൾ ഒഴുകുന്നതും ചില വീടുകളിൽ അവ എത്തിയതും സമീപവാസികളിൽ അമ്പരപ്പുളവാക്കി. അത്രക്ക് ഭയാനകമായ വെള്ളപ്പൊക്കവും ഒഴുക്കുമായിരുന്നു. മണ്ണിടിച്ചിലിന്റെ ഫലമായി റോഡുകളിൽ ഇലക്ട്രിക് ലൈറ്റ് തൂണുകൾ വീണു വ്യാപകമായി നാശനാഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കുമിഞ്ഞ് കൂടിയ വാഹനങ്ങളുടെ ദൃശ്യങ്ങളാണിത്. ഇത് പോലെ ജിദ്ദയുടെ പലഭാഗങ്ങളിലായി നൂറ് കണക്കിന് വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. അൽ-അജവീദ് പരിസരങ്ങളിൽ മണ്ണിടിച്ചിലിന്റെ ഫലമായി നിരവധി റോഡുകളും തകർന്നിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം👇