നട്ടപ്പാതിരക്ക് പെരിന്തൽമണ്ണയിൽ ‘ബ്രസീൽ ബിരിയാണി’; ഒഴുകിയെത്തിയത് നിരവധി പേർ

0
2406

പെരിന്തൽമണ്ണ: നട്ടപ്പാതിരക്ക് പെരിന്തൽമണ്ണയിൽ ‘ബ്രസീൽ ബിരിയാണി’. 12.30ന് ഖത്തറിൽ മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്തന്നെ പെരിന്തൽമണ്ണ ജൂബിലി ജങ്ഷനിൽ ഫാൻസിന്റെ വക ‘ബ്രസീൽ ബിരിയാണി’ വിതരണം തുടങ്ങിയിരുന്നു.

ലോകകപ്പിൽ ബ്രസീലിന്റെ അരങ്ങേറ്റ മൽസരത്തോടനുബന്ധിച്ചാണ് ആരാധകർ അർധരാത്രി ബിരിയാണി വിതരണം നടത്തിയത്. ബ്രസീൽ ഫാൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി വിതരണം സോഷ്യൽമീഡിയ വഴി അറിഞ്ഞ് 2000ൽപരം പേരാണ് പാതിരാത്രിയും ഒഴുകിയെത്തിയത്.

ഗ്രൂപ് ജിയിലെ മത്സരത്തിൽ കാനറികൾ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്‍റെ (62, 73) ഇരട്ടഗോളിന്‍റെ കരുത്തിലായിരുന്നു ബ്രസീലിന്‍റെ ജയം.

ബ്രസീൽ മൽസരം കാണാൻ വരുന്നവർക്കെല്ലാം രാത്രി 11.30 മുതൽ 12.25 വരെ ബിരിയാണി വിതരണം ചെയ്യുമെന്നായിരുന്നു സോഷ്യൽ മീഡീയയിൽ അറിയിപ്പ്. വണ്ടൂർ, നിലമ്പൂർ, മക്കരപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുവരെ ആളുകളെത്തി.

26 കി.ഗ്രാമി ന്റെ ഏഴു ചാക്ക് അരിയിട്ടാണ് ബിരിയാണി വെച്ചത്. ബ്രസീൽ മൽസരം 12.30 ന് തുടങ്ങുമെന്നതിനാൽ 12.25 ന് നിർത്താനായിരുന്നു തീരുമാനം. എന്നാൽ ആളുകളുടെ തിരക്ക് കൂടിയതോടെ 12.45 വരെ വിതരണം നീണ്ടു. വിവിധ ഫാൻസുകാരും ഇഷ്ട ടീമുകളുടെ ജഴ്സിയണിഞ്ഞ് എത്തിയിരുന്നു.

ക്ലബ്ബ് പ്രവർത്തകരും ബ്രസീൽ ഫാൻസ് അംഗങ്ങളുമായ നിഷാദ് ആലിക്കൽ, ജസീൽ, ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബിരിയാണി വിതരണം നടത്തിയത്

അർജന്റീന ഫാൻസ് അടക്കം മറ്റു ഫാൻസുകാരും ഫുട്ബോൾ പ്രേമികളും സഹകരിച്ചു കൊണ്ടാണ് ഭക്ഷണവിതരണം നടത്തിയതെന്ന് ബ്രസീൽ ഫാൻസ് അംഗങ്ങൾ പറഞ്ഞു. 2800 പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഡിസ്പോസിബിൾ പ്ലെയ്റ്റാണ് കരുതിയിരുന്നത്. രണ്ടും മൂന്നും പേർക്കു കഴിക്കാനുള്ളത് ഒരുമിച്ചും വിതരണം നടത്തി.

നീണ്ട വരിയാണ് പെരിന്തൽമണ്ണ ജൂബിലിജങ്ഷനു സമീപം രൂപപ്പെട്ടത്. യുവാക്കളും മുതിർന്നവരും ഒഴുകിയെത്തിയതോടെ പെരിന്തൽമണ്ണ ജൂബിലി ജങ്ഷൻ പാതിരാത്രിയിൽ കളിയാവേശക്കാരെക്കൊണ്ട് നിറഞ്ഞു.