‘അബ്ഷിർ’ അകൗണ്ട് ഹാക്ക് ചെയ്ത് ലോൺ എടുക്കും; പ്രവാസികളെ ഞെട്ടിച്ച് പുതിയ തട്ടിപ്പ്

0
1852

റിയാദ്: സഊദിയിൽ വിദേശികൾക്ക് നിർബന്ധമായ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ ഹാക്ക് ചെയ്തു പുതിയ രൂപത്തിൽ തട്ടിപ്പ്. അബ്ഷിർ മുഖേന ലോൺ എടുത്ത് പണം തട്ടുന്ന സംഘമാണ് ഇപ്പോൾ തലപൊക്കിയിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ പലരും ഇത്തരത്തിൽ പെട്ടതയാണ് വിവരം. വായ്പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് കേസാവുമ്പോൾ മാത്രമാണ് തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന് അറിയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ സഊദിയിലെ റാസ്തനൂറയിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന കൊല്ലം മടത്തറ സ്വദേശി മാത്യു ജോണിയാണ് ഇത്തരം തട്ടിപ്പിന്റെ ഇരയായിരിക്കുന്നത്. തുടർന്ന് ഇപ്പോൾ കേസും യാത്രാവിലക്കും ഉൾപ്പെടെയുള്ള നടപടികൾ നേരിടുകയാണ് ഇദ്ദേഹം. സെൻസസ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന വ്യാജേന ജവാസാത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഫോൺ കോൾ വന്നത്. ഇഖാമ നമ്പർ ചോദിക്കുകയും ഫോണിലെത്തിയ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടപ്പോൾ നൽകുകയും ചെയ്തതാണ് വിനയായത്. ഇതോടെ അബ്ഷീർ വ്യക്തിഗത അകൗണ്ടിലുള്ള മുഴുവൻ വിവരങ്ങളും വിളിച്ചയാൾ ഇങ്ങോട്ട് പറഞ്ഞ് ഇതല്ലേ ശരി എന്ന് ചോദിച്ചു വിശ്വാസ്യത ഉറപ്പുവരുത്തി.

എന്നാൽ പിന്നീടാണ് താൻ കബളിക്കപ്പെട്ടു എന്ന് ബോധ്യമായത്. ഒരു മണിക്കൂറിന് ശേഷം ഫോണിന്റെ ‘സിം’ ബ്ലോക്ക് ആയപ്പോൾ തൊട്ടടുത്ത സഊദി ടെലികോം കമ്പനി (എസ്.ടി.സി)യുമായി ബന്ധപ്പെട്ടു. തന്റെ നമ്പർ ആരോ ബ്ലോക്ക് ചെയ്യിച്ചതാണെന്നാണ് മറുപടി ലഭിച്ചത്. പകരം സിം നൽകി ഈ പ്രശ്നം പരിഹരിച്ചു. എന്നാൽ, ഒരു മാസത്തിന് ശേഷം ബാങ്കിൽനിന്ന് ഒരു ലോണെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. തന്റെ പേരിൽ ഒരു ലോൺ ബാധ്യതയുണ്ടെന്ന വിവരമാണ് ബാങ്കിൽ നിന്ന് ലഭിച്ചത്. അപ്പോഴാണ് അന്ന് വിളിച്ചയാൾ ‘അബ്ഷീറി’ൽ നിന്ന് തന്റെ വിവരങ്ങളെല്ലാം ചോർത്തിയെന്നത് ഓർത്തെടുത്തത്. കുരുക്കുകൾ മുറുക്കിയെന്ന് അറിയുമ്പോഴേക്കും വലിയ കട ബാധ്യത തലയിലായി കഴിഞ്ഞിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണത്രെ താൻ അറിയാതെ തന്റെ പേരിൽ 25,000 റിയാൽ വായ്പയെടുത്തിരിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വായ്പയുടെ ആദ്യ ഗഡു തിരിച്ചടവ് ആവശ്യപ്പെട്ട് ആ ധനകാര്യ സ്ഥാപനത്തിൽ നിന്ന് അറിയിപ്പുണ്ടായി. കെണിയിൽ പെട്ടെന്ന് മനസിലായതോടെ മാത്യു പൊലീസിനെ സമീപിച്ച് കേസ് നൽകി. എന്നാൽ, 38,000 റിയാൽ തിരിച്ചടക്കാനായിരുന്നു കോടതി വിധി. പണമടക്കാൻ അനുവദിച്ചിരുന്ന അഞ്ച് ദിവസം കഴിഞ്ഞതോടെ മാത്യുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അബ്ഷീർ ഹാക് ചെയ്ത് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മാത്യുവിന്റെ പേരിൽ പ്രോമിസറി നോട്ട് തയാറാക്കി കൊടുത്താണ് തട്ടിപ്പുകാരൻ ലോൺ എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ആ സ്ഥാപനവും കോടതിയെ സമീപിച്ച് മാത്യുവിനെതിരെ കേസ് നൽകി.

തുടർന്ന്, വക്കീൽ മുഖാന്തിരം എതിർ കേസുമായി മുന്നോട്ട് പോവുകയാണ് മാത്യു. ഇതിനിടെ കഴിഞ്ഞദിവസം സുഹൃത്തിനും സമാനമായ ഫോൺ വിളിയെത്തിയപ്പോൾ അത് കെണിയാണെന്ന് സ്വന്തം അനുഭവത്തിൽനിന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തി ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ഹാക് ചെയ്ത ‘അബ്ഷീർ’ അകൗണ്ട് തിരിച്ചുപിടിക്കാൻ കഴിയുകയും ചെയ്തുവെന്നും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഹാക് ചെയ്യപ്പെട്ട ഒരു മണിക്കുർ സമയമുപയോഗിച്ച് എന്ത് തട്ടിപ്പ് നടത്തിയെന്ന് ഇനി അറിയാനിരിക്കുന്നതേയുള്ളൂ.

അബ്ഷീർ ഹാക് ചെയ്താൽ തട്ടിപ്പുകാർക്ക് പവർ ഓഫ് അറ്റോർണി, പ്രോമസറി നോട്ട് തുടങ്ങിയ രേഖകൾ വ്യാജമായി നിർമിച്ചെടുക്കാനാവും. കൂടാതെ വ്യാജമായി ഫോൺ സിമ്മും എടുക്കാനാവും. ഇതോടെ ഏത് തരം കുരുക്കിലും പെടുത്താൻ തട്ടിപ്പുകാർക്ക് കഴിയും. നിരവധി പേർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി നാട്ടിൽ പോകാനാകാതെ അലയുകയാണ്. നല്ല ജാഗ്രത പാലിച്ചില്ലെങ്കിൽ ഏത് സമയത്തും കെണിയിൽ പെടാം. പെട്ടുപോയി എന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും മൊബൈലിൽ നിന്ന് 3030 എന്ന ടോൾഫ്രീ നമ്പരിലേക്ക് സന്ദേശമയക്കുകയും വേണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക