പാസ്‌പോര്‍ട്ടില്‍ സിംഗിള്‍ നെയിം മാത്രമാണെങ്കിൽ വിസിറ്റ് വിസയിൽ പ്രവേശനം അനുവദിക്കില്ല, നവംബര്‍ 21 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തിൽ

0
2731

ദുബൈ: പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചു. സന്ദര്‍ശക വിസയിലെത്തന്ന സിങ്കിള്‍ നെയിം മാത്രം രേഖപ്പെടുത്തിയവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കില്ലെന്ന് എന്‍എഐസി അറിയിച്ചു. റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.

പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ അറിയിച്ചു.

യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകള്‍ തടയും. നവംബര്‍ 21 മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പിലുള്ളത്.