റിയാദ്: ഖത്തര്‍ അമീറിന്
സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ അഭിനന്ദന സന്ദേശമയച്ചു.
ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് കിരീടാവകാശി സന്ദേശം അയച്ചത്.
എനിക്കും എന്റെ കൂടെയുള്ള പ്രതിനിധികള്‍ക്കും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഖത്തര്‍ വിടുന്നത്. അഗാധമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഫിഫ ലോകകപ്പിന്റെ വിജയകരമായ ഉദ്ഘാടനത്തിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു- കിരീടാവകാശി പറഞ്ഞു.
ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖത്തര്‍ ജനതക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേര്‍ന്നു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് ആവശ്യമായ അധിക പിന്തുണയും സൗകര്യങ്ങളും നല്‍കണമെന്ന് നേരത്തെ കിരീടാവകാശി എല്ലാ സൗദി മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.